ആലുവ: ഗുണ്ടാശല്യത്തിനെതിരേ കൊടുത്ത പരാതിയിൽ നടപടിയെടുക്കാത്തതിനെത്തുടർന്നു ട്രാൻസ്ജെൻഡർ ആലുവ പോലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
കളമശേരി കുസാറ്റിന് സമീപം താമസിക്കുന്ന അന്നയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
ആൽമരത്തിലേക്കു ഓടിക്കയറിയ അന്നയോടു പോലീസ് പലവട്ടം ആവശ്യപ്പെട്ടിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ അഗ്നിരക്ഷാസേന കൂടിയെത്തി അനുനയിപ്പിച്ച് ഇറക്കുകയായിരുന്നു.
ആലുവ സ്വദേശിയായ കഞ്ചാവ് വിൽപനക്കാരന്റെ നേതൃത്വത്തിൽ തന്നെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നെന്നായിരുന്നു അന്നയുടെ പരാതി.
എട്ട് മാസം മുമ്പും രണ്ടാഴ്ച മുമ്പും പരാതി നൽകിയിരുന്നു. ആലുവ സ്റ്റേഷനിൽ വീണ്ടും പരാതി നൽകാനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ നടന്നത്.
പരാതിയുമായി വന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം അവിടെ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കാൻ പോലീസ് നിർദേശിച്ചു.
ഇതിൽ പ്രതിഷേധിച്ചാണ് അന്ന മരത്തിൽ കയറിയതെന്നും പരാതിയിന്മേൽ കേസെടുക്കുമെന്നും സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. മനോജ് അറിയിച്ചു.
മാസംതോറും സർക്കിൾ ഇൻസ്പെക്ടർമാർ മാറുന്ന ആലുവ സ്റ്റേഷനിൽ കേസുകൾ അന്വേഷിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. നിലവിലുള്ള സർക്കിൾ ഇൻസ്പെക്ടർ ഇന്നലെ സ്ഥലംമാറിപ്പോയി.