പയ്യന്നൂര്‍: കാണാതായെന്ന പരാതി ലഭിച്ചയുടന്‍ പയ്യന്നൂര്‍ പോലീസ് നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടലില്‍ മരണത്തില്‍നിന്നും രക്ഷപ്പെട്ടത് അമ്മയും രണ്ടുമക്കളും. കരിവെള്ളൂരിലെ മുപ്പതുകാരിയായ യുവതിയും അഞ്ചും മൂന്നും വയസുള്ള മക്കളുമാണ് പോലീസിന്റെ ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
പയ്യന്നൂര്‍ റെിയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. വീട്ടില്‍നിന്നും യുവതിയേയും മക്കളേയും കാണാനില്ലെന്ന വിവരമറിഞ്ഞതോടെ വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് നഗരത്തിലും ബസ് സ്റ്റാൻഡുകളിലും ഉടന്‍ പരിശോധന നടത്തുകയായിരുന്നു.
ഇതോടൊപ്പം പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായരുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലുമെത്തി. ഇവിടെ നടത്തിയ തെരച്ചിലിലാണ് മക്കളേയും കൂട്ടി റെയില്‍പാളത്തിലൂടെ നടക്കുന്ന യുവതിയെ കണ്ടെത്തിയത്.
മക്കളേയും കൂട്ടി ആത്മഹത്യ ചെയ്യാനായി എത്തിയതാണെന്ന് യുവതി പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.വിവരമറിഞ്ഞയുടന്‍ പോലീസ് അന്വേഷണത്തിനെത്തിയതും ഈ സമയം കടന്നു പോകേണ്ടിയിരുന്ന ട്രെയിന്‍ വൈകിയതുമാണ് അമ്മയേയും മക്കളേയും ജീവിതത്തിലേക്ക് തിരിച്ച് നടത്താനിടയാക്കിയത്.
കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയും ചെറിയ കൗണ്‍സിലിംഗ് നല്‍കിയും യുവതിയേയും മക്കളേയും ബന്ധുക്കളോടൊപ്പം പറഞ്ഞയച്ചു.
പയ്യന്നൂര്‍ സിഐയെ കൂടാതെ എസ്ഐ സത്യന്, കണ്ട്രോള് റൂം എഎസ്ഐ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് റെയില്പാളത്തില്നിന്നും മൂന്നു ജിവനുകള്‍ രക്ഷപ്പെടുത്തിയത്.