എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഉത്സവകാല സ്പെഷൽ ട്രെയിനുകൾ അനുവദിക്കുന്നതിൽ റെയിൽവേ ഇക്കുറി കേരളത്തോട് കാണിച്ചത് കടുത്ത അവഗണന. നവരാത്രി, ദീപാവലി, ഛാത്ത് ഉത്സവങ്ങൾ പ്രമാണിച്ച് രാജ്യത്ത് 283 തീവണ്ടികൾ കൂടുതലായി അനുവദിച്ചിട്ടുണ്ടന്നും ഇവ 4480 സർവീസുകൾ നടത്തുമെന്നുമാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രഖ്യാപനം.
ദക്ഷിണ റെയിൽവേയ്ക്ക് പത്ത് ട്രെയിനുകളും 58 സർവീസുകളുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ കേരളത്തിന് അനുവദിച്ചത് രണ്ട് ട്രെയിനുകൾ മാത്രം. അതും അപ്രധാന റൂട്ടുകളിൽ. ഇത് സംബന്ധിച്ച് കാര്യമായ പ്രചാരണവും ദക്ഷിണ റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല.
ആദ്യത്തേത് ഏറണാകുളം – ധൻബാദ് റൂട്ടിലായിരുന്നു. അതും ഒരു ദിശയിൽ മാത്രം. മറ്റൊന്ന് ചെന്നൈ-മംഗലാപുരം സർവീസ് ആയിരുന്നു. ഇത് പാലക്കാട് വഴിയാണ്. രണ്ട് വണ്ടികളും നവരാത്രി വേളയിൽ ഒരു സർവീസ് നടത്തി അവസാനിപ്പിക്കുകയും ചെയ്തു.
ഉത്തരേന്ത്യയിൽ നിന്നാണ് കേരളീയർ നവരാത്രിക്കും ദീപാവലിക്കും കൂടുതലായി നാട്ടിൽ എത്തുന്നത്. ഈ മേഖലയിൽ നിന്നുള്ള യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ വണ്ടികൾ ഇത്തവണ റെയിൽവേ അനുവദിച്ചിട്ടില്ല.
ന്യൂഡൽഹി-തിരുവനന്തപുരം, മംഗലാപുരം-തിരുവനന്തപുരം, ബംഗളുരു-തിരുവനന്തപുരം റൂട്ടുകളിൽ മുൻ കാലങ്ങളിൽ ദീപാവലി വേളയിൽ റെയിൽവേ കൂടുതൽ വണ്ടികൾ ഓടിക്കുമായിരുന്നു. ഇത്തവണത്തെ പ്രഖ്യാപനത്തിൽ നിലവിൽ ഇവിടങ്ങളിലേയ്ക്ക് ഒരു വണ്ടി പോലും ഇല്ല.
ഇക്കാര്യത്തിൽ സതേൺ റെയിൽവേ അധികൃതർ ഒരു അനുകൂല നിലപാടും സ്വീകരിച്ചില്ല എന്ന ആക്ഷേപം വ്യാപകമാണ്. അതേ സമയം സെൻട്രൽ റെയിൽവേ ഇക്കാര്യത്തിൽ അനുഭാവ പൂർവമായ നിലപാട് സ്വീകരിക്കാമെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
മുംബൈയിൽ നിന്നും പൂനെയിൽ നിന്നും കൂടുതൽ വണ്ടികൾ ദീപാവലി വേളയിൽ ഓടിക്കാമെന്നാണ് ഉറപ്പ്. ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് കന്യാകുമാരിയിലേയ്ക്കും പൂനെയിൽ നിന്ന് എറണാകുളത്തേയ്ക്കും ഓരോ പ്രതിവാര സർവീസുകൾ അധികമായി നടത്തുന്നതിനാണ് മധ്യ റെയിൽവേ അധികൃതർ ആലോചിക്കുന്നത്.
റെയിൽവേ ബോർഡിന്റെ അന്തിമ അംഗീകാരത്തിന് ശേഷമേ ഈ സർവീസുകളുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുയുള്ളൂ.
അതേസമയം നവരാത്രി വേളയിൽ റെയിൽവേ കൂടുതൽ സർവീസുകൾ നടത്താത്തത് കാരണം വലിയ മുതലെടുപ്പ് നടത്തിയത് ടൂറിസ്റ്റ് ബസ് ലോബിയാണ്.
കഴിഞ്ഞയാഴ്ച ബംഗളൂരു -എറണാകുളം റൂട്ടിൽ ടൂറിസ്റ്റ് ബസ് ടിക്കറ്റ് നിരക്ക് 3000 രൂപയായിരുന്നു. കൊല്ലം വരെ യാത്ര ചെയ്തവരിൽ നിന്ന് 4000 രൂപ വരെയും ഈടാക്കി. മാത്രമല്ല തിരക്ക് കാരണം കണ്ടം ചെയ്യാറായ ബസുകൾ വരെ അവർ നിരത്തിൽ ഇറക്കുകയും ചെയ്തു.
ഈ റൂട്ടിലെ യാത്രക്കാരുടെ വൻ വർധനയുടെ സാഹചര്യത്തിൽ ബംഗളൂരു-തിരുവനന്തപുരം വന്ദേഭാരതാണ് കേരളത്തിൽ രണ്ടാമതായി പരിഗണിച്ചത്. പക്ഷേ ടൂറിസ്റ്റ് ബസ് ലോബിയുടെ ഇടപെടൽ കാരണം ഇത് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.