തൃപ്പൂണിത്തുറ: ബൈക്കിൽ ഭാരതസന്ദർശനം നടത്തുന്ന ഇരട്ട സഹോദരങ്ങളടങ്ങിയ മൂന്നംഗ സംഘം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് കീഴടക്കി.
മരട് കുണ്ടന്നുർ കീത്തറയിൽ അശോകൻ-സരള ദന്പതികളുടെ ഇരട്ടമക്കളായ അർജുനും അഖിലും, എളമക്കര കണ്ണോത്ത് ജിഫിൻ ഫ്രാൻസിസും അടങ്ങിയ മൂന്നംഗ സംഘമാണ് തിങ്കളാഴ്ച വൈകുന്നേരം സമുദ്രനിരപ്പിൽനിന്ന് 19,300 അടി ഉയരത്തിലുള്ള മോട്ടോർബിൾ റോഡായ ലഡാക്കിലെ ഉംലിങ്ക് ലാ പാസിൽ ബൈക്കോടിച്ചെത്തിയത്.
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് എന്ന അംഗീകാരം ഇന്ത്യൻ സൈന്യം നിർമിച്ച ഉംലിങ്ക് ലാ റോഡിനാണ്.
സെപ്റ്റംബർ ഒന്നിനാണ് കോവിഡ് കാല ഇന്ത്യയെ കണ്ടറിയാൻ മൂന്നംഗസംഘം കൊച്ചിയിൽനിന്നു പുറപ്പെട്ടത്.
കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകാഷ്മീർ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലകൾ കടന്നായിരുന്നു യാത്ര.
രാത്രി തങ്ങുന്നതിനു ടെന്റുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ഇവർ കരുതിയിട്ടുണ്ട്. ചിലയിടങ്ങളിൽ യാത്ര ദുർഘടം നിറഞ്ഞതായിരുന്നെന്നും ഭക്ഷണത്തിനായി ബുദ്ധിമുട്ടിയെന്നും സംഘാംഗങ്ങൾ പറഞ്ഞു.
ഉംലിങ്ക്ല പാസിൽ എത്തിയ ഇവർക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചത് തിരിച്ച് താഴെയെത്തിയപ്പോഴാണ്.
ചൈന അതിർത്തികളിലൂടെ ഷിംല, ഉത്തരാഖണ്ട്, ബിഹാർ, ആസാം, നാഗാലാൻഡ് വഴി മടങ്ങാനാണ് പ്ലാൻ. ഡിസംബറോടെ നാട്ടിൽ തിരിച്ചെത്തും.
സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ജോലി രാജി വച്ചാണ് ഇവർ യാത്ര ആരംഭിച്ചത്.
തൃപ്പൂണിത്തുറ ഹിൽപാലസ് പൈതൃക പഠനകേന്ദ്രത്തിലെ ആർക്കിയോളജി പൂർവ വിദ്യാർഥിയാണ് അർജുൻ. ഷിംല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇവർ മുൻപ് സൈക്കിളിൽ യാത്ര ചെയ്തിട്ടുണ്ട്.