ചാവക്കാട്: ട്രോളിംഗ് നിരോധനം അർദ്ധരാത്രി മുതൽ നിലവിൽവന്നു. ഇനി 52 ദിവസം യന്ത്രവത്കരണ ബോട്ടുകൾ കടലിലേക്കില്ല.
മുനക്കകടവ്, ചേറ്റുവ ബംഗ്ലാവ് കടവ് എന്നീ ഫിഷ്ലാന്റ് സെന്ററുകളിലെ അവസാന ബോട്ടും ഇന്നലെ വൈകുന്നേരം തീരമണഞ്ഞു.
ഈ രണ്ടിടത്തുമായി ചെറുതും വലുതുമായി 150 ബോട്ടുണ്ട്. ഇതിൽ വലിയ ബോട്ടുകളിൽ ചിലത് സ്വദേശമായ കൊല്ലത്തേക്കു പോയി. ബാക്കിയുള്ളവ ചേറ്റുവ പുഴയിൽ നങ്കുരമിട്ടു.
ട്രോളിംഗ് നിരോധനത്തിനു മുന്പു തന്നെ ബോട്ടുകൾ കരപറ്റാൻ തുടങ്ങിയിരുന്നു. മത്സ്യക്ഷാമമാണ് മുഖ്യകാരണം. ഒന്നരമാസത്തിലധികം വരുന്ന വിശ്രമത്തിനായി ഫിഷ് ലാന്റിംഗ് സെന്ററുകളിൽ എത്തിയ ബോട്ടുകളിൽനിന്നു സാധനങ്ങൾ ഇറക്കുന്ന തിരക്കായിരുന്നു ഇന്നലെ ഹാർബറുകളിൽ.
മത്സ്യബന്ധന ഉപകരണങ്ങൾ ഇനി തീരത്തെ ഗോഡൗണുകളിലാണ്. തൊഴിലാളികളിൽ കുറെ പേർ മറ്റു തൊഴിൽ തേടി പോകും. കുറച്ചുപേർ മുനക്കകടവിൽ തന്നെ തന്പടിക്കും. ബോട്ടുകൾ പുഴയിലും മറൈൻഡ്രൈവ് വർക്ക്സ് ഷോപ്പുകളിലുമായി സുഖചികിത്സയിൽ കഴിയും.
ജൂലൈ 31വരെ നീളുന്ന നിരോധന കാലയളവിൽ യന്ത്രസഹായത്താൽ വലകൾ ഉപയോഗിച്ചുള്ള കടൽ അടിത്തട്ടു മത്സ്യബന്ധനം നടത്തുന്നവർക്കാണ് നിരോധനം. ഇൻബോർഡ് വള്ളക്കാർക്കും പരന്പരാഗത വള്ളക്കാർക്കും ട്രോളിംഗ് നിരോധനം ബാധകമല്ല.
നിരോധമില്ലെങ്കിലും മത്സ്യക്ഷാമം കാരണം അവരും കരയിൽതന്നെയാണ്. അയൽ ജില്ലകളിൽനിന്നുള്ള ഫൈബർ വള്ളക്കാരുടെ സീസൺ തുടങ്ങാൻ ഓണം കഴിയണം. ഈസ്റ്റർ വരെയാണ് സീസൺ. ഈവർഷം പലകാരണത്താൽ സീസൺ ഉണ്ടായില്ല.
ക്രിസ്മസിനു നാട്ടിൽപോയ കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽനിന്നുള്ള തെക്കൻ ചേട്ടൻമാർ പിന്നെ തിരിച്ചെത്തിയില്ല. അതുകൊണ്ടുതന്നെ വലിയ മത്സ്യങ്ങൾക്ക് ഇത്തവണ ക്ഷാമമായിരുന്നു.