അങ്കാറ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ നീക്കവുമായി തുർക്കിയും ഗ്രീസും. ഉന്നതതല ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി. നാറ്റോയിലെ അംഗങ്ങളായ തുർക്കിയും ഗ്രീസും വിവിധ വിഷയങ്ങളിൽ ദശകങ്ങളായ ഭിന്നതയിലാണ്.
ഗ്രീക്ക് വിദേശകാര്യ മന്ത്രി ഗോർഗസ് ഗെരെപെത്രിറ്റിസും തുർക്കി വിദേശകാര്യ മന്ത്രി ഹാക്കാൻ ഫിദനും അങ്കാറയിലാണു ചർച്ച നടത്തിയത്. തുർക്കിയിൽ നാശം വിതച്ച ഭൂകന്പത്തിൽ സഹായവുമായി ഗ്രീസ് എത്തിയിരുന്നു.
തുർക്കി പ്രസിഡന്റ് റെസെപ് തയിപ് എർദോഗനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസും ജൂലൈയിൽ നാറ്റോ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ന്യൂയോർക്കിൽ 18നു നടക്കുന്ന യുഎൻ പൊതുസമ്മേളനത്തിൽ എർദോഗനും മിറ്റ്സോതാകിസും വീണ്ടും ചർച്ച നടത്തും. അതിനുശേഷം ഒക്ടോബറിൽ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.