പരവൂർ: ട്യൂഷൻ ടീച്ചർ നാലാം ക്ലാസ് വിദ്യാർഥിനിയായ പിഞ്ചുകുട്ടിയെ മാരകമായി മർദിച്ച ട്യൂഷൻ അധ്യാപിക പൂതക്കുളം സ്വദശിനി ലക്ഷ്മിയ്ക്കെതിരെ പരവൂർ പോലീസ് കേസെടുത്തു.
അന്വേഷണം നടത്തിവരികയാണെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും പരവൂർ ഇൻസ്പെക്ടർ എ.നിസാർ പറഞ്ഞു.
പൂതക്കുളം ലച്ചു നിവാസിൽ ജയചന്ദ്രന്റെ മകൾ ജയലക്ഷ്മി (12)യെയാണ് പഠിച്ചില്ലായെന്ന കാരണത്താൽ ചൂരൽ പ്രയോഗം നടത്തി പിൻ കാൽ തുടയുൾപ്പടെ അടിച്ചു പൊട്ടിച്ചത്.
നാലാം ക്ലാസ് വിദ്യാർഥിനിയായ ജയലക്ഷ്മിയെ കോവിഡ് കാലമായതിനാൽ സ്കൂളിലെപഠനം ശരിയായവിധത്തിൽ നടക്കാത്തതിനാൽ തൊട്ടയൽവാസിയായ ലക്ഷ്മിയുടെ വീട്ടിൽ ട്യൂഷൻ പഠിയ്ക്കാനായി അയയ്ക്കുകയായിരുന്നു.
ഇവരുടെ എട്ടാം ക്ലാസുകാരിയായ മൂത്ത കുട്ടിയും നേരത്തേ തന്നെ അവിടെ പഠിയ്ക്കാൻ പോയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇളയ കുട്ടിയായ ജയലക്ഷ്മിയേയും പഠിയ്ക്കാൻ വിട്ടു തുടങ്ങിയത്.
എന്നാൽ ഏതാനും ദിവസം മുൻപ് കുട്ടി ട്യൂഷന് പോകാൻ മടി കാണിക്കുകയും പിൻഭാഗത്ത് വേദന അനുഭവപ്പെടുന്നതായും മാതാപിതാക്കളോട് പറഞ്ഞു.
തുടർന്നു നടത്തിയ ദേഹപരിശോധനയിലാണ് അടിയുടെ പാടുകൾ കണ്ടത്. ചോദിച്ചപ്പോൾ ട്യൂഷൻ ടീച്ചർ മർദിച്ചതാണെന്ന് കുട്ടി പറയുകയായിരുന്നു.
വിശദമായി ചോദിച്ചപ്പോൾ നിരന്തരം ടീച്ചർ മുറിയിൽ കയറ്റി വിവസ്ത്രയാക്കി മർദിക്കുമെന്നും കൂടാതെ കുട്ടിയുടെ മൂത്ത സഹോദരിയുൾപ്പടെയുള്ള മറ്റ് കുട്ടികളെ കൊണ്ട് മർദിപ്പിക്കുമെന്നും ജയലക്ഷ്മി പറയുകയായിരുന്നു.
വീട്ടിൽ പറഞ്ഞാൽ ചേച്ചിയ്ക്കുൾപ്പടെ മർദനം തുടരുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.
ഇതിനെതിരേ ശിശുക്ഷേമ സമിതിയിലും പരവൂർ പോലീസിലും കുട്ടിയുടെ പിതാവ് പരാതി നല്കിയിരുന്നു.