കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്ന ട്വന്റി-20 എന്ന കൂട്ടായ്മ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് നിശ്ചയിച്ചത്.
നടൻ ശ്രീനിവാസൻ, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ കൂട്ടായ്മയുടെ ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ട്വന്റി-20 യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത് പി. സുരേന്ദ്രനാണ് മത്സര രംഗത്തിറങ്ങുന്നത്. കോണ്ഗ്രസിന്റെ വി.പി.സജീന്ദ്രനാണ് ഇവിടെ സിറ്റിംഗ് എംഎൽഎ. കോതമംഗലത്ത് കേരള കോണ്ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകൻ ഡോ.ജോ ജോസഫാണ് ജനവിധി തേടുന്നത്.
മൂവാറ്റുപുഴയിൽ സി.എൻ.പ്രകാശൻ, പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, വൈപ്പിനിൽ ഡോ.ജോബ് ചക്കാലയ്ക്കൽ എന്നിവരും മത്സരിക്കും. സ്ഥാനാർഥികൾക്കാർക്കും രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് പരിചയമില്ലെന്നും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചവരാണെന്നും ട്വന്റി-20 നേതൃത്വം വ്യക്തമാക്കി.
സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പുറമേ ട്വന്റി-20 ക്ക് പുതിയ ഉപദേശക സമിതിയെയും നിയോഗിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് സമിതിയുടെ അധ്യക്ഷൻ. സംവിധായകൻ സിദ്ധിഖും ശ്രീനിവാസനും ഉൾപ്പടെ ഏഴ് അംഗങ്ങളാണ് നിലവിൽ സമിതിയിലുള്ളതെന്നും പിന്നീടിത് വിപുലീകരിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം ഒറ്റയ്ക്ക് പിടിച്ചതോടെയാണ് ട്വന്റി-20 എന്ന കൂട്ടായ്മ കേരളമാകെ ശ്രദ്ധനേടിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന്റെ കിഴക്കൻ മേഖലയിൽ വലിയ മുന്നേറ്റമാണ് കൂട്ടായ്മ നടത്തിയത്.
കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലും ഭരണം നേടി. ഇതിൽ ഐക്കരനാട്ടിൽ മുഴുവൻ സീറ്റുകളിലും വിജയം നേടിയാണ് ട്വന്റി-20 മറ്റ് മുന്നണികളെ ഞെട്ടിച്ചത്.
ഇതിന് പുറമേ എറണാകുളം ജില്ലാ പഞ്ചായത്തിലും ട്വന്റി-20 സാന്നിധ്യമറിയിച്ചു. കോലഞ്ചേരി ഡിവിഷനിൽ നിന്നാണ് കൂട്ടായ്മയുടെ സ്ഥാനാർഥി വിജയം നേടിയത്.