കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് പ്രവർത്തകർ വെള്ളയടിച്ച ചുവരിൽ കേരള കോൺഗ്രസ്- എം പ്രവർത്തകർ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്താണ് സംഭവം.
പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ് പ്രവർത്തകർ തോമസ് ചാഴികാടൻ എംപിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് വെള്ളയടിച്ചത്. തൊട്ടടുത്ത വീട്ടുമതിലിലാണ് യുഡിഎഫ് ചുവരെഴുത്ത് ഉദ്ദേശിച്ചിരുന്നത്.
എന്നാൽ ചുവരെഴുതാൻ എത്തിയ പ്രവർത്തകർക്ക് മാറിപ്പോവുകയായിരുന്നു. ഇക്കാര്യം കേരള കോൺഗ്രസ്- എം പ്രവർത്തകർ ഇന്ന് രാവിലെയാണ് അറിഞ്ഞത്. ഇതോടെ പ്രവർത്തകർ ‘ജോസഫിന്റെ കേരള കോൺഗ്രസ്’ ബുക്ക് ചെയ്ത ചുവരിലെഴുതുകയായിരുന്നു.
ജോസഫ് വിഭാഗം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കേരള കോൺഗ്രസ്- എം പാർട്ടിയുടെ ഭാഗമായിരുന്നു. തോമസ് ചാഴികാടൻ ഇവരുടെ സ്ഥാനാർഥിയായിരുന്നു. എന്നാൽ കെ.എം. മാണിയുടെ നിര്യാണത്തിന് പിന്നാലെ പാർട്ടി വീണ്ടും പിളരുകയും കേരള കോൺഗ്രസ്- എം ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ എൽഡിഎഫിൽ ചേരുകയും ഉണ്ടായി. അതേസമയം, ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ ലയിക്കുകയും യുഡിഎഫിൽ തുടരുകയും ചെയ്തു.