കീവ്: വടക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ഖാർകീവിലെ കുപിയാൻസ്കിനടുത്തുള്ള ഗ്രാമത്തിലെ പലചരക്കുകടയിലും കഫേയിലും ഷെൽ ആക്രമണം ഉണ്ടാവുകയായിരുന്നുവെന്നു യുക്രെയ്ൻ സേനാ വൃത്തങ്ങൾ അറിയിച്ചു.
മരിച്ചവരിൽ ആറു വയസുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. അടുത്തിടെ റഷ്യൻ സേന യുക്രെയ്നിൽ നടത്തുന്ന ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്.
റഷ്യൻ സേന ഇന്നലെ യുക്രെയ്നിലുടനീളം ഡ്രോൺ ആക്രമണവും നടത്തി. ഇറേനിയൻ നിർമിത ഡ്രോണുകളാണ് ഉപയോഗിച്ചത്. റഷ്യ തൊടുത്ത 29 ഡ്രോണുകളിൽ 24ഉം വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.
ഇതിനിടെ, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി യൂറോപ്യൻ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനായി തെക്കൻ സ്പെയിനിലെ ഗ്രനാഡയിൽ എത്തി. ശൈത്യകാലം ആരംഭിക്കുന്നതിനു മുന്പ് യുക്രെയ്ൻ സേനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് യോഗം.