ചില നിയോഗങ്ങള്‍ അങ്ങനെ ആണ്. നമ്മളെ തേടി എത്തും. ഗുജറാത്തില്‍ നിന്ന് സിനിമാ മോഹവുമായി കേരളത്തില്‍ എത്തിയ കാലം മുതല്‍ തുടങ്ങിയതാണ് ഞാനും അകമല ധര്‍മ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, .
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഞാനും അയ്യനും തമ്മിലുള്ള ബന്ധം. തൃശൂരില്‍ നിന്ന് ഷൊര്‍ണൂരില്‍ എന്റെ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാന്‍ ഇവിടെ ദര്‍ശനം തുടങ്ങിയത്.
കഴിഞ്ഞ 15 വര്‍ഷമായി അത് തുടരുന്നു. ആദ്യ കാലങ്ങളില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ബസിനുള്ളില്‍ നിന്ന് പ്രാര്‍ഥിക്കുമായിരുന്നു.
ഞാന്‍ ആദ്യം വരുമ്പോള്‍ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഃഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെയാണ്.
കാലക്രമേണ ഇത് വലിയ ക്ഷേത്രമായി മാറി. എന്റെ അയ്യനോടൊപ്പം ഞാനും വളര്‍ന്നു. എന്റെ യാത്ര അതുവഴി ബസില്‍ നിന്നു പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി.
അത്യാവശ്യം അറിയപ്പെടുന്ന നടനും നിര്‍മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു. -ഉണ്ണി മുകുന്ദൻ