പ്യോഗ്യാംഗ്: ഉത്തരകൊറിയൻ പരമോന്നത നേതാവ് കിംഗ് ജോംഗ് ഉൻ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രം സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്ത്. സന്പൂഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ചാണ് അണുബോംബ് നിർമിക്കുന്നത്. ഇത്തരം ഫാക്ടറിയുടെ ചിത്രം ആദ്യമായാണ് ഉത്തരകൊറിയ പുറത്തുവിടുന്നത്.
കിം ജോംഗ് ഉൻ ഉത്പാദനകേന്ദ്രത്തിൽ നടക്കുന്നതും സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ഉത്പാദനം വർധിപ്പിക്കാൻ കിം നിർദേശിച്ചുവെന്നാണ് ഉത്തരകൊറിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഏതു ഫാക്ടറിയാണ് ഇതെന്നകാര്യം ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല.
ആണവ ഇന്ധന ഉത്പാദനം കൂട്ടാനുള്ള ഉത്തരകൊറിയൻ തീരുമാനത്തെ അപലപിക്കുന്നതായി ദക്ഷിണകൊറിയ പ്രതികരിച്ചു. ഉത്തരകൊറിയയുടെ ആണവപദ്ധതികൾ യുഎൻ ഉപരോധത്തിന്റെ ലംഘനമാണെന്നും കൂട്ടിച്ചേർത്തു.