ന്യൂഡൽഹി: കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങളോടും ഉത്തർപ്രദേശ് സർക്കാരിന്റെ മനുഷ്യരഹിത പെരുമാറ്റം. യുപിയിലെ ഒൗറയ്യയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട തൊഴിലാളികളുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് പരിക്കേറ്റവരോടൊപ്പം കിടത്തി തുറന്ന ട്രക്കുകളിലാണ് ജാർഖണ്ഡിലേക്കും പശ്ചിമ ബംഗാളിലേക്കും അയച്ചത്.
ട്രക്കിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ ഐസ് കട്ടകൾക്ക് മുകളിൽ കിടത്തിയ നിലയിലായിരുന്നു.
യുപി സർക്കാർ മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും അന്തസ് കെടുത്തി എന്നാരോപിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തെത്തി. മൃതദേഹങ്ങൾ ട്രക്കുകളിൽ കയറ്റി പോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.
മരിച്ച തൊഴിലാളികളോട് ഇത്ര മനുഷ്യത്വ രഹിതമായ പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നു. യുപി, ബിഹാർ സർക്കാരുകൾ മൃതദേഹങ്ങൾ കൊണ്ടുപോകാൻ വാഹന സൗകര്യം ഏർപ്പെടുത്തണമായിരുന്നുവെന്നും ഹേമന്ത് സോറൻ പറഞ്ഞു.
ജാർഖണ്ഡ് അതിർത്തിയിൽ എത്തിച്ചാൽ പിന്നെ തങ്ങളുടെ ഉത്തരവാദിത്തത്തിൽ ഈ മൃതദേഹങ്ങൾ ബൊക്കാറോയിൽ എത്തിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.