കൊല്ലം : അഞ്ചല്‍ ഏറം ഉത്ര കൊലക്കേസില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രധാന പ്രതികളായ സൂരജ് സുരേഷ്കുമാര്‍ എന്നിവരുടെ കുറ്റസമ്മത മൊഴി പുറത്ത്.
ഒരാഴ്ചത്തെ തെളിവെടുപ്പിന് ശേഷം പ്രതികളെ വനം വകുപ്പ് ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനിടെ പ്രതികള്‍ നിര്‍ണ്ണായക വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ നടത്തിയത്. സൂരജിന് സുരേഷ് പാമ്പിനെ നല്‍കിയത് ഉത്രയെ കൊലപ്പെടുത്താനാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നു എന്നതാണ് ഇതില്‍ പ്രധാനം.
രണ്ടുതവണയും പാമ്പിനെ നല്കിയപ്പോഴും സുരേഷിന് വ്യക്തമായി അറിയാമായിരുന്നുവെന്നും തന്റെ സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ ഉത്രക്ക് കഴിഞ്ഞിരിന്നില്ലന്നും സൂരജ് സമ്മതിച്ചു.
വിവാഹ മോചനം നടത്തിയാല്‍ സ്വത്തുക്കളും കുഞ്ഞിനേയും നഷ്ട്ടമാകും. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ആസൂത്രിതമായി കൊല നടത്തിയതെന്നും സൂരജ് വെളിപ്പെടുത്തി.
അതേസമയം കേസില്‍ രണ്ടാംപ്രതിയായ സുരേഷിനെതിരെ ഗുരുതരമായ കണ്ടെത്തെലുകളാണ് തെളിവെടുപ്പിനിടയില്‍ വനം നടത്തിയിരിക്കുന്നത്.
കൊലയെകുറിച്ചു സുരേഷിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്റെ പടം തെളിവെടുപ്പിനിടെ വനപാലകര്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനക്കായി രാജീവ്ഗാന്ധി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
മാത്രമല്ല വിവിധയിടങ്ങളില്‍ നിന്നും പാന്പുകളെ പിടികൂടുന്ന സുരേഷ് ഇതിന്റെ വിഷം ശേഖരിച്ച് വില്‍പ്പന നടത്തിയിരുന്നു. ഒപ്പം മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ ഉപയോഗിച്ച് ലഹരിക്കായി മനുഷ്യരുടെ നാക്കില്‍ കൊത്തിക്കുന്ന ഇടപാടും സുരേഷിന് ഉണ്ടായിരുന്നുവെന്ന ഗുരുതരമായ കണ്ടെത്തലുകളും വനം വകുപ്പ് നടത്തിയിട്ടുണ്ട്.
ഒരുതവണ ഇത്തരത്തില്‍ ചെയ്യുന്നതിന് പതിനയ്യായിരം രൂപവരെ തുക ലഭിക്കാറുണ്ടെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സുരേഷിന്റെ കണ്ടെത്തലുകളിലും വെളിപ്പെടുത്തലിലും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അതിനാല്‍ തന്നെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും കേസ് അന്വേഷിക്കുന്ന അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര് ജയന് പറഞ്ഞു.