കൊല്ലം : ഉത്രയുടെ കൊലപാതവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാന്പ് പിടുത്തക്കാരൻ സുരേഷിന് സൂരജുമായുള്ള ബന്ധത്തെപ്പറ്റി ക്രൈംബ്രാഞ്ച് സംഘം കൂടുതലായി അന്വേഷണം നടത്തുന്നുണ്ട്. ആദ്യതവണ അണലിയെ സൂരജിന് നൽകിയപ്പോൾ അത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷ് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
അതേസമയം രണ്ടാംതവണ മൂർഖനെ നൽകിയപ്പോൾ ഇത് ഉത്രയെ കൊലപ്പെടുത്തുന്നതിനാണെന്ന് ഇയാൾക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഉത്രയുടെ മരണത്തിനുശേഷം വിവരം പോലീസിലറിയിക്കാൻ മകൻ ആവശ്യപ്പെട്ടിട്ടും സുരേഷ് അതിന് വഴങ്ങാതിരുന്നത് എന്തുകൊണ്ടാണ്.
ഈ ചോദ്യമാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിക്കുന്നത്. സുരേഷിനെ കോടതിയിൽ ഹാജരാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരുന്പോൾ താൻ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും വിളിച്ചുപറയന്നുണ്ടായിരുന്നു.
ഉത്ര മരിച്ചശേഷം രാവിലെ സുരേഷിനെ സൂരജ് വിളിച്ച് പാന്പിനെ വാങ്ങിയവിവരം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും സുരേഷ് വെളിപ്പെടുത്തിയിരുന്നു. പാന്പിനെ കൈമാറിയപ്പോൾ സുരേഷിനോടൊപ്പമുണ്ടായിരുന്നവരെ സാക്ഷികളാക്കിയാണ് കേസ് മുന്നോട്ടുപോകുന്നത്.
സൂരജിന്റെ ഫോൺ കോളുകളിലെ പരിശോധനയിലാണ് സുരേഷുമായുള്ള ബന്ധം തെളിഞ്ഞത്. രണ്ട് തവണ ഇയാളുടെ കൈയിൽനിന്ന് സൂരജ് പാന്പിനെ വാങ്ങിയതായും അതിന് പ്രതിഫലം പറ്റിയതായും തെളിഞ്ഞിട്ടുണ്ട്.
സുരേഷ് നൽകിയ മൂർഖൻതന്നെയാണ് ഉത്രയെ കടിച്ചതെന്നും വ്യക്തമായിട്ടുണ്ട്. പാന്പിനെ വിറ്റതിനും , അടിച്ചുകൊന്നതുമായി ബന്ധപ്പെട്ടും വനംവകുപ്പ് രണ്ടുകേസുകളാണ് സുരേഷിനെതിരെ എടുത്തിട്ടുള്ളത്.