ലക്നൗ: ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടി തുടരുമെന്നു ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഊര്‍ജ മന്ത്രിയുമായ എ.കെ. ശര്‍മ. ബുള്‍ഡോസര്‍ ഉപയോഗിച്ച് കുറ്റക്കാരുടെ വീടുകള്‍ പൊളിച്ചു നീക്കുന്നത് മികച്ച നടപടിയാണ്.
സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് തളച്ചുവളര്‍ന്ന ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കുമെതിരായാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ശര്‍മ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത അനുയായിയാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരാള്‍ പ്രതിയോ കുറ്റവാളിയോ ആണെന്ന കാരണത്താല്‍ അയാളുടെ വീട് പൊളിച്ചുകളയുന്നതെങ്ങനെയെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുശേഷം ബുള്‍ഡോസര്‍ രാജിനെ പിന്തുണയ്ക്കുള്ള പ്രതികരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയിരുന്നു.