കൊല്ലം: അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ സ്പെഷൽ ട്രെയിനുകൾ കൂട്ടത്തോടെ നിർത്തലാക്കി റെയിൽവേ. കഴിഞ്ഞ ദിവസം സർവീസ് ജൂലൈ വരെ ദീർഘിപ്പിച്ച സ്പെഷൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടും.
ഇത്തരത്തിൽ ആറ് ട്രെയിനുകളാണ് റെയിൽവേ പൊടുന്നനെ റദ്ദാക്കിയത്. നടത്തിപ്പ് ( ഓപ്പറേഷണൽ)- സുരക്ഷാ കാരണങ്ങളാൽ സർവീസുകൾ റദാക്കി എന്നാണ് റെയിൽവേ നൽകിയിട്ടുള്ള വിശദീകരണം. പക്ഷേ യാഥാർഥ്യം അതല്ല. ഭൂരിഭാഗം സ്പെഷൽ ട്രെയിനുകളിലും സ്പെഷൽ യാത്രാ നിരക്കാണ് അവസരം മുതലെടുത്ത് റെയിൽവേ ഈടാക്കുന്നത്.
ഇത് പലപ്പോഴും സാധാരാണ നിരക്കിന്റെ മൂന്ന് ഇരട്ടി വരെയാണ്. ഇതാണ് യാത്രക്കാർ സമ്മർ സ്പെഷലുകൾ ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണം. അശാസ്ത്രീയ സമയക്രമമാണ് മറ്റൊരു കാരണം. യാത്രക്കാർക്ക് ഉപകാര പ്രദമായ രീതിയിൽ അല്ല മിക്ക സ്പെഷലുകളുടെയും സമയം നിശ്ചയിച്ചിരിക്കുന്നത്.
പകൽ സർവീസ് നടത്തുന്ന വണ്ടികളിൽ പൂർണമായും സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്തിയിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭൂരിഭാഗം സ്പെഷലുകളിലും ഒന്നോ രണ്ടോ ജനറൽ കോച്ചുകൾ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഇവ അംഗപരിമിതർക്കായി സംവരണം ചെയ്തവയാണ്.
സ്പെഷൽ സർവീസുകളിൽ ഒന്നിൽപ്പോലും പാൻട്രി കാർ ഏർപ്പെടുത്തിയിട്ടില്ല. ദീർഘദൂര യാത്രികർ ഇതുകാരണം വെള്ളവും ഭക്ഷണവും അടക്കം കിട്ടാതെ വലയുകയാണ്. എല്ലാ സ്പെഷൽ ട്രെയിനുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് മണിക്കൂറുകൾ വൈകിയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത അപ്രധാന സ്റ്റേഷനുകളിൽ അസമയത്ത് സ്പെഷൽ ട്രെയിനുകൾ മറ്റ് സ്ഥിരം വണ്ടികൾ കടന്നുപോകാൻ മണിക്കൂറുകൾ നിർത്തിയിടുന്നതും പതിവാണ്. ഇക്കാരണങ്ങളലാണ് സമ്മർ സ്പെഷൽ ട്രെയിനുകളെ ആശ്രയിക്കാൻ യാത്രക്കാർ വിമുഖത കാട്ടുന്നത്.
മാത്രമല്ല ബുക്കിംഗ് ആരംഭിച്ച ട്രെയിനുകൾ പോലും പെട്ടെന്ന് റദ്ദാക്കുന്നത് റെയിൽവേയുടെ പതിവ് ശൈലിയായി മാറിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ റീഫണ്ട് ലഭിക്കുമെങ്കിലും അവർക്ക് നിർദിഷ്ട ദിവസം ബദൽ യാത്രയ്ക്ക് സംവിധാനം ലഭിക്കുകയുമില്ല. നേരത്തേ പ്രഖ്യാപിച്ച മംഗലാപുരം- കോട്ടയം സ്പെഷൽ ട്രെയിൻ ഒരു കാരണവും പറയാതെ റദ്ദാക്കിയ സംഭവം അടുത്തിടെ ഉണ്ടായി. ടിക്കറ്റ് ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് ഇതു കാരണം വലഞ്ഞത്.
ഏറ്റവും ഒടുവിൽ മംഗലാപുരം – കോയമ്പത്തൂർ-മംഗലാപുരം സ്പെഷലും ജൂണിലെ എല്ലാ ട്രിപ്പുകളും പൂർണമായി റദ്ദാക്കിയെന്ന അറിയിപ്പും വന്നു കഴിഞ്ഞു. അതേ സമയം സമ്മർ സ്പെഷലുകളിൽ ഏറ്റവും കൂടുതൽ തിരക്കുള്ളത് പുതുതായി അനുവദിച്ച കൊച്ചുവേളി – താംബരം ട്രെയിനിനാണ്. എല്ലാ കോച്ചുകളും ഏസി ആയിട്ടും ഈ സർവീസിൽ ടിക്കറ്റുകൾ ഫുൾ ആണ്.
കൊച്ചുവേളിയിൽ നിന്ന് കൊല്ലം, ചെങ്കോട്ട വഴിയാണ് ഈ ട്രെയിൻ താംബരത്തിന് പോകുന്നതും തിരികെ സർവീസ് നടത്തുന്നതും. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിൽ വേഗം എത്താനുള്ള മാർഗം കൂടിയാണിത്.
തിരുവനന്തപുരത്ത് നിന്ന് ചെന്നൈയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് – മെയിൽ ട്രെയിനുകളിൽ ടിക്കറ്റ് റിസർവേഷൻ ലഭിക്കാത്തവരും ഇപ്പോൾ ആശ്രയിക്കുന്നത് ഈ സ്പെഷലിനെയാണ്. ഈ വണ്ടി സ്ഥിരം സർവീസ് ആക്കണമെന്ന ആവശ്യവും വിവിധ മേഖലകളിൽ നിന്ന് ഉയർന്ന് കഴിഞ്ഞു. ഇത്തരത്തിൽ യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
എസ്.ആർ. സുധീർ കുമാർ