ന്യൂഡൽഹി: രണ്ടു ഡോസുകൾക്ക് വ്യത്യസ്ത വാക്സിനുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ പരീക്ഷണം തുടരാൻ ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. കോവിഡ് പ്രതിരോധത്തിൽ നിർണായകമെന്നും കരുതുന്നതാണ് ഈ പരീക്ഷണം.
വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലാണ് രണ്ടു വാക്സിനുകൾ കൂട്ടിക്കലർത്തി ഉപയോഗിക്കുന്നതിൽ പഠനം നടക്കുക.
രാജ്യത്ത് പ്രയോഗത്തിലുള്ള കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഒരേയാളിൽ രണ്ടു വ്യത്യസ്ത ഡോസുകൾക്ക് ഉപയോഗിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് തെളിഞ്ഞതായി നേരത്തേ ഐസിഎംആർ വ്യക്തമാക്കിയിരുന്നു.
യുപിയിലെ 60 വയസിനു മുകളിൽ പ്രായമുള്ള 18 പേരിൽ മേയ്, ജൂണ്‍ മാസങ്ങളിൽ ഇക്കാര്യത്തിൽ പഠനം നടത്തിയിരുന്നു. മിക്സിംഗ് നടത്തിയവരിൽ പ്രതിരോധ ശേഷി കൂടുതൽ കണ്ടെത്തിയതായി പഠനം തെളിയിച്ചുവെന്ന് ഐസിഎംആർ അവകാശപ്പെടുന്നു.
ഇക്കാര്യത്തിൽ ക്ലിനിക്കൽ ട്രയൽ സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി വെല്ലൂർ മെഡിക്കൽ കോളജിൽ തുടരും.
ഫൈസർ- അസ്ട്രാസെനക്ക, സ്ഫുട്നിക്- അസ്ട്രാസെനക്ക വാക്സിനുകൾ വ്യത്യസ്ത ഡോസുകളിൽ നൽകാനാകുമോ എന്ന പഠനം വിദേശത്തും തുടരുന്നുണ്ട്.