കാണാതായ രണ്ടു വയസുകാരനെ ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. വീട്ടില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രദേശവാസികള്‍ ഒന്നടങ്കം ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി ഒറ്റയ്ക്ക് പോകില്ലെന്നും ആരെങ്കിലും കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചതാകുമെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
ഇന്നലെ ഉച്ചയോടെ ഇടയം കരിപ്പോട്ടിക്കോണം ഭാഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. റോഡിനരികിലാണ് രണ്ട് വയസുകാരന്റെ വീട്.
ഇതിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തിന് സമീപത്ത് മറ്റ് കുട്ടികളോടൊപ്പം രണ്ട് വയസുകാരനും കളിക്കുന്നുണ്ടായിരുന്നു. അതിനിടെ ഇവരുടെ ബന്ധു എത്തി കുട്ടികളെ വീട്ടിലേക്ക് പറഞ്ഞയച്ചു.
മറ്റു കുട്ടികള്‍ക്കൊപ്പം രണ്ട് വയസുകാരനും വീടിന് സമീപം വരെ എത്തി. എല്ലാവരും വീട്ടില്‍ കയറിയെന്ന് കരുതി ബന്ധു മടങ്ങുകയും ചെയ്തു.
എന്നാല്‍ രണ്ട് വയസുകാരന് വീട്ടിലെത്തിയിട്ടില്ലെന്ന് പിന്നീട് മനസിലായി. പിന്നാലെയാണ് വീട്ടുകാരും പ്രദേശവാസികളും കുട്ടിക്കായി തിരച്ചില്‍ നടത്തിയത്.
സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ കുട്ടിയെ കാണാനില്ല എന്ന വിവരം വിളിച്ചു പറഞ്ഞിരുന്നു.
പിന്നാലെയാണ് പ്രദേശവാസികള്‍ ഒന്നടങ്കം കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. അതിനിടെ അഞ്ചല്‍ പോലീസും സ്ഥലത്തെത്തി.
ഒരു മണിക്കൂറിനു ശേഷം പൊലിക്കോട്-അറയ്ക്കല്‍ റോഡില്‍ ഇടയം ഭാഗത്തെ വയലില്‍ നിന്നു കുട്ടിയെ കണ്ടെത്തി.
തുടര്‍ന്നു കുട്ടിയുമായി പോലീസ് ഇവരുടെ വീട്ടിലെത്തുകയും അഞ്ചലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കുട്ടിക്കു മറ്റു പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നു ബോധ്യമായതോടെ ഒരു മണിക്കൂറിനു ശേഷം തിരികെ വീട്ടിലെത്തിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.