തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ കൊലപാതകത്തിനായി ഗോപു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായി പൊലീസ്.
കൊലപാതകത്തിനായി സ്വിച്ചുള്ള കത്തിയും ഗോപു തയ്യാറാക്കി വച്ചിരുന്നു. ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ചാണ് ഗോപു കൊലപാതകം നടത്തിയത്.
അതേസമയം ഇന്നലെ ഗോപുവുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോൾ പ്രതിക്കെതിരെ നാട്ടുകാരുടെ കനത്ത പ്രതിഷേധം ഉണ്ടായി.
വടശേരിക്കോണത്ത് തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്റെയും ശാലിനിയുടേയും മകൾ സംഗീതയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
പ്രതി പെണ്‍ക്കുട്ടിയുടെ ആണ് സുഹൃത്ത് പള്ളിയ്ക്കല്‍ സ്വദേശി ഗോപു (20)വിനെ റിമാൻഡ് ചെയ്തു. പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ തെളിവെടുപ്പ് നടത്തും.
സഹോദരിയോടൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേയ്ക്ക് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 1:30 ഓടെയാണ് വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ സംഗീതയെ കണ്ടെത്തുന്നത്.
കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛൻ മാധ്യമങ്ങളോടു പറഞ്ഞു.
കഴുത്തിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നു. ഉടൻതന്നെ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാതായിട്ടുണ്ട്. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ് സംഗീത. ഗോപുവിനെ ഇന്നലെ രാവിലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.