കണ്ണൂര്‍: സംസ്ഥാനത്ത് മദ്യഷോപ്പുകൾ അടച്ചിട്ടതോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യാജവാറ്റ് സജീവം. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് വ്യാജവാറ്റ് നടക്കുന്നത്. കശുമാങ്ങ ഉപയോഗിച്ചുള്ള വ്യാജവാറ്റുകേന്ദ്രങ്ങളടക്കം ഇപ്പോള്‍ മലയോരത്ത് സജീവമാണ്.
പുഴയോരങ്ങളടക്കം കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. വെള്ളത്തിന്റെ ലഭ്യതയും എളുപ്പം രക്ഷപ്പെടാനുള്ള സാധ്യതയുമാണ് ഇവിടം തെരഞ്ഞെടുക്കാന്‍ സംഘത്തെ പ്രേരിപ്പിക്കുന്നത്.
വ്യാജമദ്യ നിര്‍മാണം തടയാൻ ശക്തമായ നടപടികളുമായി എക്സൈസും രംഗത്തുണ്ട്. കൂത്തുപറമ്പ് എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.പ്രമോദനും സംഘവും ഇന്നലെ കണ്ടംകുന്ന് നീര്‍വേലി, ചാമുണ്ഡിപ്പാറ ഭാഗത്ത് റെയ്ഡ് നടത്തി.
പുഴക്കരയിൽ സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസര്‍ പ്രമോദന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, പ്രനില്‍കുമാര്‍, എം.സുബിന് എന്നിവര്‍ പുഴ നീന്തിക്കടന്നാണ് വാഷ് കണ്ടെടുത്തത്. വാഷ് സൂക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി.
ആലക്കോട് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ജി. മുരളീദാസിന്റെ നേതൃത്വത്തിൽ മലയോര മേഖലകളില്‍ നടത്തിയ റെയ്ഡില്‍ 250 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. നടുവില്‍ പരിധിയിലെ പാറ്റാക്കളം മൈലംപെട്ടി റോഡില്‍ പാറേമൊട്ട തോട്ടുചാലിലെ പാറയിടുക്കില്‍ ചാരായം വാറ്റുന്നതിനായി തയാറാക്കി വച്ചിരുന്ന 250 ലിറ്റര്‍ വാഷ് ശേഖരം കണ്ടെടുത്തു.
കല്ലുകൊണ്ട് കെട്ടിയുയര്‍ത്തിയ കുഴിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിലാണ് വാഷ് തയാറാക്കിയിരുന്നത്. സംഭവസമയത്ത് പ്രതികളാരെയും കണ്ടെത്താനായില്ല. ആഴ്ചകള്‍ക്കുമുമ്പ് ഇതിനു സമീപത്തുണ്ടായിരുന്ന വന്‍ വാറ്റുകേന്ദ്രം ആലക്കോട് എക്സൈസ് സംഘം തകര്‍ത്ത് കേസെടുത്തിരുന്നു.
സിഇഒമാരായ സി.കെ ഷിബു, രഞ്ജിത് കുമാര്‍, വി. ധനേഷ്, പി.ഷിബു, ഡ്രൈവര്‍ ജോജന്‍ എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പരിയാരത്തുനിന്ന് എക്സൈസ് സംഘം വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചിരുന്നു.
പെരുമ്പടവിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ വാറ്റുകേന്ദ്രം നശിപ്പിച്ചു. തിമിരിതട്ട് -കൂത്തമ്പലം റോഡില്‍ ചീയ്യന്പാറയിലെ റോഡരികിലുള്ള തോട്ടുചാലിലെ വാറ്റുകേന്ദ്രമാണ് ആലക്കോട് എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ. അഹമ്മദിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചത്.
ഇവിടെയുണ്ടായിരുന്ന 70 ലിറ്റര്‍ വാഷും നശിപ്പിച്ചു. എക്സൈസ് സംഘത്തിൽ സിഇഒമാരായ ടി.വി. മധു, വി. ധനേഷ്, എം. സുരേന്ദ്രന്, വി. ശ്രീജിത്ത്, ബി. മുനീര്‍, ഡ്രൈവര്‍ പി.എ.ജോജന്‍ എന്നിവരുമുണ്ടായിരുന്നു.