കൊച്ചി: പ്രതിപക്ഷസ്ഥാനം പുഷ്പകിരീടം അല്ലെന്ന് അറിയാമെന്ന് വി.ഡി.സതീശൻ. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാണ്.
എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കോൺഗ്രസിനേയും യുഡിഎഫിനേയും തിരിച്ചുകൊണ്ടുവരുമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ. കരുണാകരൻ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥൻമാര് ഇരുന്ന കസേരയാണ്, സ്ഥാനലബ്ധി വിസ്മയിപ്പിക്കുന്നു.
ഹൈക്കമാന്റിനും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കോൺഗ്രസിൽ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സതീശൻ പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. കോവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.
ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും തങ്ങളുടേതെന്നും സതീശൻ വ്യക്തമാക്കി.
വർഗീയതയെ യുഡിഎഫ് ശക്തമായി എതിർക്കും. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്.
കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് കേരള രാഷ്ട്രീയത്തിൽ വേണ്ടത്. ഇതിനായി കോൺഗ്രസിലെ രണ്ടാംനിര മുന്നോട്ടു വരുമെന്നും സതീശൻ പറഞ്ഞു.