പത്തനംതിട്ട: ജില്ലയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രതിനിധി മന്ത്രിയാകുന്നത് ഇതാദ്യം. വനിതയായ ഒരാള്‍ പത്തനംതിട്ടയില്‍ നിന്നും മന്ത്രിസഭയിലെത്തുന്നതും ഇതാദ്യം.
ആറന്മുളയില് നിന്നുള്ള ജനപ്രതിനിധികള്‍ ഇതിനു മുമ്പും മന്ത്രിമാരായിരുന്നിട്ടുണ്ട്. എന്നാല്‍ പഴയ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചവരാരും മന്ത്രിസഭയിലേക്കെത്തിയിട്ടുമില്ല. രണ്ടു മണ്ഡലങ്ങളും സംയോജിപ്പിച്ചത് 2009ലാണ്.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയെക്കൂടി ഉള്‍പ്പെടുത്തി ഒരു മന്ത്രി ഉണ്ടാകുന്നത് ഇതാദ്യം.
വീണാ ജോര്‍ജ് പറയും; ബി പോസിറ്റീവ്
എല്ലാറ്റിനെയും പോസിറ്റീവായി കാണുകയെന്ന നയസമീപനമാണ് വീണാ ജോര്‍ജിന്റേത്. വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍ അസഹിഷ്ണുത തോന്നാമെങ്കിലും പിന്നീട് അതിനെ പോസിറ്റീവായി സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ട്.
നാല്പത്തിയഞ്ചുകാരിയായ എംഎല്‍എയ്ക്ക് രണ്ടാം അങ്കത്തിലെ വിജയത്തിളക്കത്തിന് അംഗീകാരമായി ലഭിക്കുന്നതാണ് മന്ത്രിസ്ഥാനം. ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും കൈമുതലാക്കി പ്രവര്‍ത്തിച്ച വീണാ ജോര്‍ജിന് ഇത്തവണ ആറന്മുള നല്‍കിയത് അവിശ്വസനീയമായ അംഗീകാരമായിരുന്നു.
ആഗ്രഹിച്ചതൊന്ന്, ലഭിച്ചത് മറ്റൊന്ന് എന്ന രീതിയില്‍ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് വീണയുടെ ജീവചരിത്രവും. പഠനത്തേ തുടര്‍ന്ന് അധ്യാപികയാകാന്‍ ആഗ്രഹിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജോലിക്കു കയറിയെങ്കിലും അവിടെനിന്ന് മാധ്യമപ്രവര്‍ത്തന രംഗത്തേക്കു കടന്നു.
മാധ്യമ മേഖലയില്‍ നിന്ന് പൊതുരംഗത്തേക്ക്. രാഷ്ട്രീയക്കാരി അല്ലാതിരുന്നിട്ടും സിപിഎമ്മിന്റെ പ്രതിനിധിയായി കന്നി അങ്കത്തില്‍ തന്നെ വിജയിച്ച് നിയമസഭയിലേക്ക്.
നിയമസഭയില്‍ നടത്തിയ തിളക്കമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. കേവലം സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ രണ്ടാം അങ്കത്തിലെ വിജയമെന്ന ഒറ്റ പിന്‍ബലത്തില്‍ മന്ത്രിസഭയിലേക്കെടുത്തു.
1976 ഓഗസ്റ്റ് മൂന്നിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം മൈലപ്ര മൗണ്ട് ബഥനി സ്കൂളിൽ, തുടര്‍ന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്ന് ബിരുദം നേടി.
കേരള സര്‍വകലാശാലയില്‍നിന്ന് എംഎസ്സി ഫിസിക്സിനും, ബിഎഡിനും റാങ്ക് ജേതാവാണ്. മലയാളത്തിലെ വിവിധ വാര്‍ത്താ ചാനലുകളില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ നിരവധി പുരസ്കാരങ്ങളും നേടി.