കോട്ടയം: മഴക്കെടുതിക്കു പിന്നാലെ നിത്യോപയോഗസാധനങ്ങളുടെ വിലയും കുറയാത്ത സാഹചര്യം. പച്ചക്കറി, പലചരക്ക്, ഇറച്ചി, മീന്‍ തുടങ്ങിയവയുടെ വില റോക്കറ്റു പോലെ കുതിക്കുകയാണ്.
പച്ചക്കറിയുടെയും മീനിന്റെയും വില സാധാരണക്കാരന്റെ കുടുംബ ബജറ്റ് ഒരു മാസമായി തകര്‍ത്തിരിക്കുകയാണ്. പച്ചക്കറി വില കൂടിയതോടെ വാങ്ങാനും ആളില്ലാതായി ആകെ വിലക്കുറവുള്ളത് സവാളയ്ക്കും ചെറുനാരങ്ങയ്ക്കും മാത്രമാണ്.
അധികം വേണ്ടെങ്കിലും എല്ലാ അടുക്കളയിലും വേണ്ട ഉള്ളി, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവയുടെ വില നിയന്ത്രാണീതതമായി കുതിക്കുകയാണ്.
ഉള്ളിയുടെ ചില്ലറ വില 200 കടന്ന സ്ഥലങ്ങള്‍ ജില്ലയിലുണ്ട്. തക്കാളി വില 140- 160 രൂപയില്‍ നില്ക്കുമ്പോള് ഇഞ്ചി മുന്നൂറിനു മുകളിലാണ്. പച്ചമുളക് വില 140-160 രൂപ വരെ.
പലചരക്ക് വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. ദൈനംദിനം ഉപയോഗിക്കുന്ന ഇനങ്ങള്‍ക്കാണ് വില കൂടിയിരിക്കുന്നത്. ജീരകത്തിന്റെ വില കിലോയ്ക്ക് 600 രൂപയും പെരുംജീരകം 270 രൂപയുമായി.
ചെറുപയര്‍ വില 130 രൂപയിലെത്തി. വെളുത്തുള്ളി വില സമീപകാലത്ത് കിലോയ്ക്ക് 100 രൂപയിലേറെ വര്‍ധിച്ച് 190 രൂപയായി.
ട്രോളിങ്ങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ പച്ചമീന്‍ വില തോന്നുന്നപോലെയാണ്. ചെറുമീനുകളുടെ ശരാശരി വില 200 രൂപയും വലിയ മീനുകളുടേത് 500നു മുകളിലുമാണ്.
മീനുകളുടെയും വില രണ്ടു മാസത്തിനുള്ളില്‍ ഇരട്ടിയായി. ഇതോടൊപ്പം ഉണക്കമീനിന്റെ വിലയും വര്‍ധിച്ചു.