വെഞ്ഞാറമൂട്: ലോക്ക് ഡൗൺ കാലത്ത് പെറ്റി അടിക്കൽ മാത്രമല്ല കാരുണ്യത്തിനും തങ്ങളുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വെഞ്ഞാറമൂട് ജനമൈത്രി പോലീസ്.
അവശനായി എത്തിയ ഭിന്നശേഷിക്കാരന് വീട്ടിൽ എത്തുവാൻ വേണ്ട സാഹചര്യം ഒരുക്കി നൽകി ഇവർ കാരുണ്യത്തിന്റെ കരസ്പർശം നീട്ടുകയായിരുന്നു.
കോട്ടയം വൈക്കം സ്വദേശി ശശികുമാറിനാണ് ഭക്ഷണവും വാഹന ചെലവും പ്രതിരോധ ഉപകരണങ്ങളും നൽകി പോലീസ് മാതൃകയായത്.
മുചക്ര സ്കൂട്ടറിൽ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആവശ്യത്തിന് എത്തി മടങ്ങുകയായിരുന്നു ശശികുമാർ.
യാത്രയ്ക്കിടെ അവശത തോന്നിയ ശശികുമാർ പോലീസ് സ്റ്റേഷനിൽ എത്തി പോലീസിനോട് സഹായം അഭ്യർഥിക്കുകയായിരുന്നു.
സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു ബി.കല്ലറ ഇയാളെ സഹായിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു.തുടർന്ന് സിഐ രതീഷിനെയും എസ്ഐ സുജീത് ജി. നായരെയും വിവരം അറിയിച്ചു.
ഇവരുടെ അനുവാദത്തോടെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ചേർന്ന് ശശികുമാറിന് നാട്ടിൽ എത്തുവാൻ വേണ്ട സാഹചര്യം ഒരുക്കുകയായിരുന്നു.
പ്രതിരോധ ഉപകരണങ്ങളും സാമ്പത്തിക സഹായവും എസ്ഐ സുനിൽ ശശികുമാറിന് കൈമാറി. തൊഴുകൈകളോടെ നന്ദി പറഞ്ഞ ശേഷമാണ് ശശികുമാർ മടങ്ങിയത്.