തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംഗ്ഷൻ സൽമാസിൽ അബ്ദുൽ റഹീം നാട്ടിലെത്തി. രാവിലെ 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്. വ്യാഴാഴ്ച 12.15നായിരുന്നു ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എംഎൽഎയുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ കബറിടങ്ങൾ സന്ദർശിക്കും. റഹീമിന്റെ ഇളയമകന്, അമ്മ, സഹോദരന്, സഹോദരഭാര്യ എന്നിവരെ കബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം.
സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൽ റഹീമിനു നാട്ടിലേക്കു തിരിക്കാനായത്. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്.
റഹീം നാട്ടിൽ വന്നിട്ട് ഏഴ് വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരുന്നേ പറ്റുമായിരുന്നുള്ളൂ.
ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണമെന്നായിരന്നു അവസ്ഥ. അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപോർട്ട് ചെയ്യിക്കണമായിരുന്നു. വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറുകയായിരുന്നു.
അതേസമയം, റഹീമിന്റെ മാനസികാവസ്ഥ കൂടി പരിഗണിച്ച് ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. റഹീമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹീമില്നിന്നു പോലീസ് ചോദിച്ചറിയും.