തിരുവനന്തപുരം: സിബിഐ ഓഫീസര്‍ ചമഞ്ഞ് വിർച്വൽ അറസ്റ്റ് നടത്തി മധ്യവയസ്കനിൽ നിന്ന് 1.84 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന കവടിയാർ സ്വദേശിയായ 52കാരനാണ് തട്ടിപ്പിനരയായത്.
1.84 കോടി രൂപയാണ് കവടിയാർ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് ആണ് കോസ് അന്വേഷിക്കുന്നത്.ജനുവരി 14മുതല്‍ ഈ മാസം ഏഴുവരെയാണ് പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് കബളിപ്പിച്ചത്.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിയാണ് വീഡിയോ കോൾ വന്നത്. അശോക് ഗുപ്ത എന്നയാൾ ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു.
തുടര്‍ന്നാണ് സിബിഐ ഉദ്യോഗസ്ഥന് എന്ന വ്യാജേന ഒരാൾ പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരാഞ്ഞശേഷം ബാങ്ക് പാസ്ബുക്കുകളും മറ്റും അയക്കാന്‍ ആവശ്യപ്പെട്ടു.
പരാതിക്കാരന്റെ ബാങ്കിലെ നിക്ഷേപം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കില്‍ കേസ് എടുക്കുമെന്നും അറിയിച്ചു. പ്രതിയാകുമെന്ന് പേടിച്ച് ഇയാൾ പണം നൽകുകയായിരുന്നു.