കോഴിക്കോട്: സൈബർ ലോകത്ത് പണം തട്ടിപ്പിന്റെ വാർത്തകൾ ദിനംപ്രതി പുറത്തുവരുന്നു. മോഷ്ടാക്കൾ ഓരോ ദിവസവും പുതിയ കെണികൾ വഒരുക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ്. പരാതികൾ വ്യാപകമായതോടെ കേരളാ പോലീസ് ജാഗ്രതാ നിർദേശം നൽകി രംഗത്ത് വന്നിട്ടുണ്ട്.
തട്ടിപ്പ് രീതി ഇങ്ങനെ: അപരചിതർ സോഷ്യൽ മീഡിയയിൽ വീഡിയോ കോൾ ചെയ്യും. പെട്ടെന്ന് വീഡിയോ കോൾ വരുമ്പോൾ ആരാണെങ്കിലും കോൾ എടുക്കും.
മറുതലയ്ക്കൽ നഗ്നമായി നിൽക്കുന്ന സ്ത്രീയോ പുരുഷനോ ആകും. വീഡിയോ കോളിൽ നമ്മുടെ മുഖം തെളിയുന്നതോടെ അവർ ഇത് സ്ക്രീൻഷോട്ട് ആക്കും.
സ്ക്രീൻഷോട്ടിൽ നാം നഗ്നരായി നിൽക്കുന്ന അപരിചിതരുമായി വീഡിയോ കോൾ ചെയ്യുന്നതുപോലെയാകും. ഈ സ്ക്രീൻഷോട്ട് ഉപയോഗിച്ചാണ് പിന്നീടുള്ള ബ്ലാക്ക്മെയിലിംഗ്.
പോംവഴി എന്ത്: സോഷ്യൽ മീഡിയ കോൺടാക്ടുകളുടെ സമഗ്രമായ വിശകലനത്തിനുശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നതെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതിനാൽ പണം നൽകാനുള്ള സമ്മർദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയും.
അപരിചിതരിൽനിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുതെന്നത് മാത്രമാണ് രക്ഷപ്പെടാനുള്ള പോംവഴിയെന്ന് പോലീസ് പോസ്റ്റിൽ കുറിച്ചു.