മലയാളം സിനിമകളെ പ്രശംസിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. മലയാളം സിനിമകൾ സാങ്കേതികമായി മികച്ചതാണെന്നും സംഗീതം മുതൽ പോസ്റ്ററുകൾ വരെ മികച്ചു നിൽക്കുന്നുവെന്നും വിജയ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘മഞ്ഞുമ്മൽ ബോയ്സും, പ്രേമലുവും കാണാൻ കാത്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ട്രെയ്ലർ അടുത്തിടെ കണ്ടു. എനിക്ക് അത് വളരെയേറെ ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട്. മലയാളം സിനിമ സാങ്കേതികമായി വളരെ മികച്ചതാണ്’. അത് സംഗീതമായാലും പോസ്റ്ററിന്റെ രൂപമായാലും, തുടക്കം മുതൽ ഒടുക്കം വരെ എല്ലാം മികച്ചതാണെന്നും വിജയ് പറഞ്ഞു.
പ്രേമം പോലുള്ള സിനിമകൾ ചെയ്യാൻ തനിക്കാവുമെന്നും എന്നാല്‍ തന്റെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാത്ത തിരക്കഥകളിൽ നിന്നും വേഷങ്ങളിൽ നിന്നും ബോധപൂർവം വിട്ടുനിൽക്കുന്നതാണെന്നും വിജയ് വ്യക്തമാക്കി.
‘ഒരു സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അത് അത്രയധികം എന്നോട് ചേര്ന്നുനില്ക്കണമെന്നില്ല. സാധാരണയായി ഒരു വർഷം മുതൽ ഒന്നര വർഷം വരെ സമയമെടുത്താണ് എന്റെ സിനിമകൾ നിർമിക്കുന്നത്. ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ ഏക ചിത്രമാണ് ഫാമിലി സ്റ്റാർ.
അതിനാൽ ഞാൻ ഒരു ചിത്രവുമായി വരുമ്പോൾ, അത് മോശമായാൽ എന്റെ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർ നിരാശരാകും. വ്യത്യസ്തമായ സിനിമകൾ കാണാറുണ്ട്. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ചെയ്യാനാണ് താല്പര്യം.
യുവാക്കള്‍ക്ക് കണക്റ്റാവാന്‍ പറ്റുന്ന ഒരു പ്രായമാണ് ഇപ്പോള്‍ എനിക്ക്. അതുപോലെ പ്രായമായവരും കുട്ടികളും ഒരുപോലെ എന്റെ സിനിമ കാണാനെത്തുന്നു. അതുകൊണ്ട് തന്നെ എനിക്ക് അവരെയെല്ലാം രസിപ്പിക്കണം’. ഞാൻ എന്നെത്തന്നെ പരിമിതപ്പെടുത്തുകയാണെന്ന് എനിക്ക് അറിയാമെന്നും വിജയ് പറഞ്ഞു.