കുഴൽപ്പണക്കടത്തിനു വർഷങ്ങളുടെ പഴക്കമുണ്ട് ഇന്നാട്ടിൽ. എന്നാൽ പണം കടത്തിന് ഇന്നു കുഴൽപ്പണ സംഘങ്ങൾ സുരക്ഷിതമായ ഏറ്റവും പുതിയ മാർഗങ്ങൾ തേടി അപ്ഡേറ്റായിക്കൊണ്ടാണ് കോടികളുമായി കളത്തിലിറങ്ങുന്നത്.
പച്ചക്കറി വണ്ടികളിലും വാഹനങ്ങളിലെ രഹസ്യ അറകളിലുമൊക്കെ പണം ഒളിപ്പിച്ച് കടത്തുന്ന രീതി പഴഞ്ചനാണെങ്കിലും ഇന്നും ഇതു തുടരുന്ന സംഘങ്ങളുണ്ട്.
അതേസമയം ഡിജിറ്റൽ പണമിടപാട് വഴി എങ്ങിനെ കോടികളുടെ കള്ളപ്പണം ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാമെന്നതിനെക്കുറിച്ചു ചിന്തിക്കുകയും അതു കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഹൈടെക് ഹവാല ഇടപാടുകാരും ഇവിടെയുണ്ട്.
അതിനവർക്ക് മസിൽ പവറും മണിപവറും ഡിജിറ്റൽ പവറും നൽകാൻ വിദേശങ്ങളിൽനിന്നുപോലും സഹായവും.
എ.ടി.എം എന്നാൽ
ഓട്ടോമാറ്റിക് ടെല്ലർ മെഷിൻ എന്നത് സാധാരണക്കാർ എ.ടി.എമ്മിനെ പറയുന്ന പേര്. എനി ടൈം മണി എന്നാണ് എടിഎമ്മിനെ കുഴൽപണക്കാരുടെ സംഘങ്ങൾ വിശേഷിപ്പിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശത്തുനിന്നു മറ്റും അയക്കുന്ന കുഴൽപണം ( അയക്കുന്ന കുഴൽപണം എന്ന് പറയുന്നതിൽ അപാകതയുണ്ട് ) അഥവാ നാട്ടിൽ കൊടുക്കാനായി വിദേശത്തു നിക്ഷേപിക്കുന്ന കുഴൽപണം ട്രാൻസാക്ഷൻ വഴി കടൽകടന്ന് ഇവിടെയെത്തുന്നില്ല.
പകരം ഹവാല ഏജന്റുമാർ പാർട്ടി വിദേശത്തു പണം നിക്ഷേപിച്ചാലുടൻ ആ വിവരം ഇന്ത്യയിലെ വൻ നഗരങ്ങളിലെ ഹവാല ഏജന്റുമാരെ അറിയിക്കും.
മുംബൈയിലും മംഗലാപുരത്തും ചെന്നൈയിലും സേലത്തും കോയന്പത്തൂരിലുമെല്ലാം ഫ്ലാറ്റിലും ചെറിയ പച്ചക്കറി കടകളിലും ആക്രിക്കച്ചവട സ്ഥാപനങ്ങളിലും കോടികളിട്ട് അമ്മാനമാടുന്ന ഏജന്റുമാർ ആ പണം അവർ തന്നെ എടുത്തിട്ടുള്ള അക്കൗണ്ടിലേക്കിടും.
പല പേരുകളിൽ ഇത്തരത്തിൽ അക്കൗണ്ടുകൾ ഇന്ത്യൻ ഹവാല ബിസിനസുകാർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തും ഏതു സമയത്തും പണമെത്തിക്കാൻ ഈ അക്കൗണ്ടുകൾ വഴി ഇവർ ഓപ്പറേഷൻ നടത്തും.
എടിഎം കാർഡ് മേള!
ഒരു ഹവാല കാരിയറിന്റെ കൈവശം ചുരുങ്ങിയത് അന്പത് എടിഎം കാർഡെങ്കിലും ഒരു തവണ ഫീൽഡിലിറങ്ങുന്പോൾ ഉണ്ടാകുമത്രെ.
പണം കൊടുക്കേണ്ട വ്യക്തിയുടെ താമസ സ്ഥലത്തിനോ വ്യക്തി കാത്തു നിൽക്കുന്നതിനു സമീപമോ എത്തുന്പോൾ അവിടെയുള്ള എടിഎം കൗണ്ടറിൽ കയറി പണം പിൻവലിച്ച് അയാൾക്ക് കൈമാറുക എന്ന സുരക്ഷിത രീതി പരക്കെ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്.
പല അക്കൗണ്ടിൽനിന്നായി പണം പിൻവലിച്ച് ആവശ്യമുള്ള തുക നിമിഷ നേരംകൊണ്ട് ഇടപാടു നടത്തും.
പണമായി കടത്തിക്കൊണ്ടുവരുന്പോഴുണ്ടാകുന്ന പരിശോധനയോ ടെൻഷനോ എടിഎം ഇടപാടിൽ ആവശ്യമില്ലെന്നതാണ് കാരിയർമാർക്കും ഏജന്റുമാർക്കും സുരക്ഷയാകുന്നത്.
കോടിക്കണക്കിനു രൂപയുടെ ഇടപാടിൽ എടിഎം എളുപ്പമല്ലെങ്കിലും കുഴൽപണ ഇടപാടിൽ എടിഎം ഇപ്പോൾ വൈറലാണ്.
ഹവാല അഡിക്ഷൻ
ലഹരിമരുന്നിനും മദ്യത്തിനുമൊക്കെ അടിമപ്പെടുന്നതു പോലെയാണ് ഹവാല ഇടപാടിലും അടിമപ്പെടുന്നത്. മുന്പെല്ലാം വലിയ ബിസിനസ് ഇടപാടുകാരാണ് ഹവാല ഇടപാടുമായി പണം കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇന്ന് സാധാരണക്കാർ വരെ കുഴൽപണ ഇടപാടിൽ ഭാഗമാണ്.
കുറഞ്ഞ ചിലവിൽ ലോകത്തെവിടെയും പണമെത്തിക്കാൻ യാതൊരു പരസ്യങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന കുഴൽപണ ലോബിക്കാർ പറയുന്നത് വിശ്വാസം അതല്ലേ എല്ലാം എന്ന പ്രമുഖ പരസ്യവാചകമാണ്.
പല രാജ്യക്കാരും ഹവാല ഇടപാടിലുണ്ട്. ഇന്ത്യൻ റുപ്പി മാത്രമല്ല ഏതു രാജ്യത്തെ ഏത് കറൻസി വേണമെങ്കിലും ഹവാല കുഴൽപ്പണ ഇടപാടിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഇന്ന് ഈ മാഫിയക്ക് കഴിയും.
വിശ്വാസമാർജിച്ചാൽ മുൻകൂറായി പോലും പണം നൽകാൻ തയാറുള്ളവരാകുന്പോൾ ബന്ധം ദൃഢമാകും. ഒരു തവണ ഹവാല ഇടപാടു വഴി നാട്ടിലേക്ക് പണമയച്ച് അതു സമയത്തിനു കൃത്യമായി ബാങ്ക് വഴി അയക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ വീട്ടിലോ എത്തേണ്ട സ്ഥലത്തോ എത്തിക്കഴിഞ്ഞാൽ പിന്നെ അടുത്ത തവണയും അയാൾ പണം അയയ്ക്കാൻ അശ്രയിക്കുക കുഴൽപണ ഹവാല ഇടപാടുകാരെ തന്നെയായിരിക്കും.
ഒരിക്കൽ ഗൾഫിലുള്ള ഒരു തൃശൂർ സ്വദേശിയുടെ പിതാവിന് അടിയന്തിരമായി ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. വൻ തുക ചെലവു വരുന്ന ഓപ്പറേഷനാണ്.
രാവിലെ എട്ടിനു പണം കെട്ടണമെന്ന് ആശുപത്രിക്കാർ അറിയിച്ചപ്പോൾ പെട്ടെന്നു പൈസ നാട്ടിലെത്തിക്കാൻ മാർഗമില്ലാതെ ആ പ്രവാസി പെട്ടുപോയി.
(തുടരും).