കട്ടപ്പന: 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളും അവരുടെ കറൻസികളുടെ പേരും കാണാതെ പറയുക പ്രായമായവർക്കുപോലും എളുപ്പമല്ല.
എന്നാൽ കട്ടപ്പന വെള്ളയാംകുടി സ്വദേശി വിശ്വജിത് എന്ന എട്ടുവയസുകാരന് ഇത് നിസാരം.
അഞ്ചുമിനിറ്റുകൊണ്ട് 195 രാജ്യ തലസ്ഥാനങ്ങളും കറൻസിയും കാണാതെപറഞ്ഞ് വിശ്വജിത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കുകയും ചെയ്തു.
കട്ടപ്പന വെള്ളയാംകുടി ഓലിക്കൽ വിപിൻ രാജന്റെയും രജിതയുടെയും മകനാണ് വിശ്വജിത്.
അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ലോകത്തിലെ ഏതുരാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ഈ കൊച്ചുമിടുക്കന് മനഃപാഠമാണ്.
195 രാജ്യങ്ങളുടെ പേരും തലസ്ഥാനവും കറൻസിയും അഞ്ചുമിനിറ്റ് രണ്ടു സെക്കൻഡുകൊണ്ട് കാണാതെ പറഞ്ഞാണ് വിശ്വജിത് ഇന്ത്യാബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടംപിടിച്ചത്.
കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് വിശ്വജിത്, നോളഡ്ജ് വേൾഡ് വിശ്വജിത് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും കറൻസികളും ഇതിലൂടെ അവതരിപ്പിച്ചു.
തുടർന്നാണ് ലോകരാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും കറൻസികളും കാണാതെപറഞ്ഞ് ഇന്ത്യാബുക്ക് ഓഫ് റിക്കാർഡ്സിന് അയച്ചുകൊടുത്തത്.
അവരുടെ ഒരു പാനൽ ഓണ്‍ലൈനായി ഇത് പരിശോധിക്കുകയും വിശ്വജിത്തിന്റെ കഴിവ് അംഗീകരിക്കുകയും ആയിരുന്നു.
കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ ഉദ്യോഗസ്ഥ നാണ്് വിശ്വജിത്തിന്റെ പിതാവ് വിപിൻ രാജൻ. മാതാവ് എ.ആർ.
രജിത കാലടി ആദിശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രഫസറാണ്. വിശ്വജിത്തിന്റെ കഴിവുകൾ ഇപ്പോൾ ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റെയും പരിഗണനയിലാണ്.