അസ്ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും മനുഷ്യശരീരത്തിലെ വിവിധ അവശ്യ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിലും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു.
വിറ്റാമിൻ ഡിയുടെ കുറവും വിഷാദവും തമ്മിലുള്ള ബന്ധം മനഃശാസ്ത്രത്തിലെ സമീപകാല ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണ വളർച്ചയ്ക്കും പ്രവർത്തനത്തിനും നമ്മുടെ മസ്തിഷ്കം വിവിധ ന്യൂറോസ്റ്റീറോയിഡുകളെ ആശ്രയിക്കുന്നു. കൂടാതെ വിറ്റാമിൻ ഡി അത്തരത്തിലുള്ള ഒരു ന്യൂറോസ്റ്റിറോയിഡായി ഉയർന്നുവന്നിട്ടുണ്ട്. ആറ് മാസത്തിലൊരിക്കലെങ്കിലും വിറ്റാമിൻ ഡി പരിശോധനയ്ക്ക് വിധേയരാകാൻ ആരോഗ്യ വിദഗ്ദർ ശുപാർശ ചെയ്യുന്നു.
എന്നിരുന്നാലും വിറ്റാമിൻ ഡി അധികമായാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒന്നിലധികം റിപ്പോർട്ടുകൾ വിറ്റാമിൻ ഡി ടോക്സിസിറ്റി അല്ലെങ്കിൽ ഹൈപ്പർവിറ്റമിനോസിസ് ഡി എന്നറിയപ്പെടുന്ന ഒരു അവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇത് ശരീരത്തിൽ അമിതമായ വിറ്റാമിൻ ഡി ഉള്ളപ്പോൾ സംഭവിക്കുന്നു.
അമിതമായ സപ്ലിമെന്റിൽ നിന്നാണ് വിറ്റാമിൻ ഡി ടോക്സിസിറ്റി ഉണ്ടാകുന്നത്. പ്രകൃതിദത്ത സൂര്യപ്രകാശമോ ഭക്ഷണ സ്രോതസ്സുകളോ ഇതിന് കാരണമല്ല. ഭക്ഷണത്തിന് പകരമായി അല്ലെങ്കിൽ സപ്ലിമെന്റുകളുടെ രൂപത്തിൽ അമിതമായ അളവിൽ കഴിക്കുമ്പോഴാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്.
ദി ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് മിക്ക ആളുകൾക്കും ശുപാർശ ചെയ്യുന്ന വിറ്റാമിൻ ഡി യുടെ ദൈനംദിന ഡോസ് 600 മുതൽ 800 അന്താരാഷ്ട്ര യൂണിറ്റുകൾ (IU) വരെയാണ്. എന്നിരുന്നാലും, പല വ്യക്തികളും ഇത് തെറ്റിക്കുന്നുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 1000 മുതൽ 4000 IU വരെ കഴിക്കുന്നത് അപകടമാണ്. ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
സപ്ലിമെന്റുകളിലൂടെ വിറ്റാമിൻ ഡി അമിതമായി കഴിക്കുന്നത് ഹൈപ്പർകാൽസെമിയയ്ക്ക് കാരണമാകും. ഇത് രക്തപ്രവാഹത്തിൽ കാൽസ്യം അമിതമായി അടിഞ്ഞുകൂടാൻ കാരണമാകും.വിറ്റാമിൻ ഡി വലിയ അളവിൽ കഴിക്കുന്നത് വയറ്റിലെ അസ്വസ്ഥത, വിശപ്പില്ലായ്മ, മലബന്ധം, വയറിളക്കം, വിവിധ അനുബന്ധ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വിറ്റാമിൻ ഡി അമിതമായി കഴിക്കുന്നത് ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യപ്പെടുന്നതിന് ഇടയാക്കും. ഇത് വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നങ്ങൾ, ഓക്കാനം, നിർജ്ജലീകരണം, വിശപ്പ് കുറയൽ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. വിറ്റാമിൻ ഡിയുടെ കുറവിന് സമാനമായി, അതിന്റെ അധികവും മാനസിക ക്ഷേമത്തെ ബാധിക്കും.
ഹാർവാർഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടു പറയുന്നു. അതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി പതിവായി പരിശോധന നടത്തുകയും ഗുളികകൾക്കും സപ്ലിമെന്റുകൾക്കുമപ്പുറം പ്രകൃതിദത്ത ഭക്ഷണ സ്രോതസ്സുകൾക്ക് മുൻഗണന നൽകണമെന്നും പറയുന്നു.