പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങൾ ഫലം വന്നിട്ടും കെട്ടടങ്ങിയിട്ടില്ല. പ്രചരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ. അതിനിടയിൽ ബെറ്റ് വയ്ക്കുന്ന വിരുതൻമാരും ഒട്ടും പിന്നിലല്ല.
അത്തരത്തിൽ വളരെ രസകരമായൊരു പന്തയത്തിന്റെ കഥ പറയാനുണ്ട് പാലക്കാടിന്. യുഡിഎഫ് സ്ഥാനാര്‍ഥി വി. കെ ശ്രീകണ്ഠന് ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നല്‍കുമെന്നായിരുന്നു തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖ് വച്ച പന്തയം.
ഫലം വന്നപ്പോഴിതാ റഫീഖിന്റെ കയ്യില്‍ നിന്ന് പോയതാകട്ടെ 75283 രൂപയും. സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. ശ്രീകണ്ഠൻ ജയിച്ചാൽ അദ്ദേഹത്തിന് ലഭിക്കുന്ന ഭൂരിപക്ഷത്തിന് സമാനമായ തുക നൽകാമെന്നായിരുന്നു ബെറ്റ്. ഇതിപ്പോ ആര്യയ്ക്ക് ലോട്ടറി അടിച്ചപോലെയായി.
സ്ഥാനാർഥി ജയിച്ചതോടെ 75283 രൂപ റഫീഖ് ആര്യക്ക് കൈമാറി. ആര്യ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ എടുക്കാന്‍ വന്നപ്പോള്‍ ഉണ്ടായ രാഷ്രീയ ചര്‍ച്ചകള്‍ ആണ് ബെറ്റ് വരെ എത്തിയത്.
ഇതിൽ ഏറ്റവും രസകരമായ വസ്തുത എന്താണെന്നു വച്ചാൽ റഫീഖ് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകനാണ് എന്നതാണ്. ആര്യയുടെ ഭര്‍ത്താവ് സുജീഷ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാണ്.