മുംബൈ: സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് എറെയുള്ള വ്ലോഗർമാർക്കും സെലിബ്രിറ്റികൾക്കും നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ.
തങ്ങൾക്കുള്ള ജനപ്രീതി മുതലെടുത്തു പല സോഷ്യൽമീഡിയാ താരങ്ങളും വ്യാജ പ്രചാരണങ്ങളും റിവ്യൂകളും നടത്തുന്നതു വ്യാപകമായ സാഹചര്യത്തിലാണു നടപടി.
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കുന്നത്.
പല സോഷ്യൽമീഡിയ താരങ്ങളും സംരംഭങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്രതിഫലം വാങ്ങിയശേഷമാണ് അവയെക്കുറിച്ചുള്ള റിവ്യൂ ചെയ്യുന്നതെന്നും സത്യസന്ധമായ അഭിപ്രായമാണെന്ന പേരിൽ പറയുന്നത് പരസ്യങ്ങളാണെന്നും ഉപഭോക്തൃകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പുതിയ മാർഗരേഖ പ്രകാരം, പ്രതിഫലം വാങ്ങിയാണു വീഡിയോ ചെയ്യുന്നതെങ്കിൽ വ്ലോഗർമാർ അക്കാര്യം വീഡിയോകളിൽ നിർബന്ധമായും വെളിപ്പെടുത്തണം.
വ്യാജപ്രചാരണങ്ങളും അപകീർത്തികരമായ ഉള്ളടക്കങ്ങളും തടയുന്നതിനുള്ള നിയന്ത്രണങ്ങളും പുതിയ മാർഗരേഖയിലുണ്ടാകും.
അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയാ താരങ്ങൾക്കുള്ള മാർഗരേഖ പുറത്തിറങ്ങുമെന്നാണ് വിവരം.
അതേസമയം ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുളള വ്യാജ റിവ്യൂകൾക്കു തടയിടാനുള്ള സംവിധാനവും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം തയാറാക്കിക്കഴിഞ്ഞു.
വൈകാതെ പുതിയ ക്രമീകരണം അവതരിപ്പിക്കും. ഇ- കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ കന്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് അനുകൂലമായ റിവ്യൂകൾ കൂടുതലായി കാണിക്കുന്നതും പ്രതികൂലമായവ മറച്ചുവയ്ക്കുകയും ചെയ്യുന്ന പ്രവണതകൾക്കു പുതിയ സംവിധാനം വരുന്നതോടെ വിരാമമാകും.