തിരുവനന്തപുരം: പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും മുഖം തിരിഞ്ഞു നിന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി.എൻ.വാസവൻ. മുഖ്യമന്ത്രിയ്ക്കുനേരേ മുഖംതിരിച്ച് നിന്ന ഗവർണറുടെ ഭാഗത്താണ് വീഴ്ചയെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ആതിഥേയ സംസ്കാരത്തിന്റെ ഉന്നത നിലവാരം പുലർത്തേണ്ടത് ഗവർണർ ആണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കുനേരേ മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ഗവർണർ ചാടിയിറങ്ങിപ്പോയി. ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് യോജിച്ചതാകാം പക്ഷേ ഗവർണർക്ക് യോജിച്ചതല്ലെന്നും മന്ത്രി വി.എൻ.വാസവൻ കുറ്റപ്പെടുത്തി.
ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ തൊട്ടടുത്ത സീറ്റുകളിലാണ് മുഖ്യമന്ത്രിയും ഗവർണറും ഇരുന്നതെങ്കിലും ഇരുവരും മുഖത്തോടു മുഖം നോക്കാതെയാണു പിരിഞ്ഞത്. പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയാറായില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായപ്പോഴും മുഖ്യമന്ത്രിയുടെയും ഗവർണറുടെയും മുഖത്ത് ഗൗരവം നിഴലിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണർ പുതിയ മന്ത്രിമാർക്കു പൂച്ചെണ്ട് നൽകിയപ്പോഴും ഗവർണർ ഇതേഗൗരവം തുടർന്നു.
സത്യപ്രതിജ്ഞ ചടങ്ങ് മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള മഞ്ഞുരുകലിനുള്ള വേദിയായി മാറുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അതിനുള്ള അവസരമുണ്ടായില്ലെന്നു മാത്രമല്ല അസാധാരണ രംഗങ്ങൾക്കാണ് രാജ്ഭവൻ ഇന്നലെ സാക്ഷ്യംവഹിച്ചത്. ഗവർണറുടെ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് മടങ്ങുകയും ചെയ്തു.
പുനഃസംഘടനയുടെ ഭാഗമായി വി.എൻ. വാസവനാണ് തുറമുഖ വകുപ്പ് ലഭിച്ചത്. പുതിയ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ മുന്നിൽനിന്നുള്ള നിർദേശപ്രകാരം നിറവേറ്റുമെന്ന് വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം സമയബന്ധിതമായി കമ്മീഷൻ ചെയ്യും. ഫണ്ടിന്റെ പ്രശ്നമുണ്ടായാൽ സഹകരണ വകുപ്പിൽനിന്ന് തുക ഉറപ്പാക്കും. ഗൾഫിൽനിന്ന് കേരളത്തിലേക്ക് കപ്പലെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കും. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.