പുതുപ്പള്ളി: എല്ലാം ജനങ്ങള്‍ തീരുമാനിക്കും. എല്ലാം ജനങ്ങളുടെ കോടതിയിലാണ്. പ്രവചനത്തിന് ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി ജോര്‍ജിയന്‍ സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ദേവസ്വത്തിന്റെ വിവിധ ക്ഷേത്രങ്ങളില്‍ ആളുകള്‍ വഴിപാടുകള്‍ നടത്തിയതു പിതാവിനോടുള്ള സ്നേഹവും തനിക്കു വേണ്ടിയുള്ള പ്രാര്‍ഥനയുമാണ്.
അപ്പ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. പുതുപ്പള്ളിയുടെ ആദ്യത്തെ ഉപ തെരഞ്ഞെടുപ്പും. പുതുപ്പള്ളിയുടെ വികസനം തടസപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.
വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചത് എന്തിനെന്നും വികസനമാണ് ചര്‍ച്ചയെന്നു പറഞ്ഞവര്‍ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.
ഒമ്പത് വര്‍ഷം പിതാവ് ഉമ്മന്‍ ചാണ്ടിയെ വ്യാജ പ്രചരണങ്ങളാല്‍ വേട്ടയാടി. അതുപോലെ വീണ്ടും അദ്ദേഹത്തിനു നേരെ വേട്ടയാടലുകള്‍ ഉണ്ടാകുമെന്ന ബോധ്യമുള്ളതിനാലാണ് ഒക്ടോബര്‍ ആറിനു ഡയറിയില്‍ അദ്ദേഹം സ്വന്തം ആരോഗ്യത്തെ കുറിച്ചു വ്യക്തമായി എഴുതിവച്ചത്.
വ്യാജ പ്രചരണങ്ങള്‍ കുടുംബത്തിനു നേരെയും ഇപ്പോഴും നടത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.എല്ലാ ഘടകങ്ങളും അനുകൂലമായി വന്ന മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.
മണ്ഡലത്തിലെ ഏതു വിഷയം ചര്‍ച്ച ചെയ്താലും ചാണ്ടി ഉമ്മനു അനുകൂലമായാണു കാണാന്‍ കഴിയുന്നത്. എല്‍ഡിഎഫിനു സ്വന്തം സ്ഥാനാര്‍ഥിയെ വിശ്വാസമില്ലാത്തതിനാലാണോ ചാണ്ടി ഉമ്മനുനേരെയുള്ള വ്യക്തിഹത്യയെന്ന് അച്ചു ഉമ്മന്‍ ചോദിച്ചു.
ഉപതെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം പുതുപ്പളളിയുടെ ഓരോ കോണിലുമുണ്ടെന്ന് മറിയം ഉമ്മന്‍ പറഞ്ഞു.
പുതിയ പുതുപ്പള്ളിക്കായുള്ള ചരിത്രപരമായ മുന്നേറ്റം: ജെയ്ക് സി. തോമസ്
പുതുപ്പളളി: പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിവസമാണിതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. ജനാധിപത്യത്തിന്റെ വസന്തോത്സവമാണ് തെരഞ്ഞെടുപ്പ്.
എല്ലാ വിഭാഗത്തിലും വരുന്ന ജനങ്ങള്‍ അവരുടെ സമ്മതിദാനാവകാശം മികച്ച ചിന്തയോടു കൂടി വിനിയോഗിക്കുന്ന ദിനമായി വേണം തെരഞ്ഞെടുപ്പിനെ കാണാനെന്നും ജെയ്ക് പറഞ്ഞു.
ആവേശകരമായ തുടക്കമായിട്ടാണ് പോളിംഗ് ബൂത്തിലെ നീണ്ടനിരയെ കാണുന്നത്. പുതുപ്പള്ളിയില്‍ ഇടതിനു തികഞ്ഞ പ്രതീക്ഷയാണ്. പുതുപ്പള്ളിയില്‍ എൽഡിഎഫിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.