കോട്ടയം: ആകാശം മേലാപ്പാക്കിയ ആനവണ്ടിയുടെ ഡബിള്‍ഡക്കറില്‍ രാജകീയ സൗജന്യയാത്ര. പോരാത്തതിന് കൈനിറയെ സമ്മാനങ്ങളും, കൂടെ വോട്ടര്‍ പട്ടികയില്‍ പേരും ചേര്‍ത്ത് പോരാനായാലോ. നാളിതുവരെ നാടു കാണാത്ത ആനന്ദയാത്രയ്ക്ക് ക്ഷണിക്കുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം.
വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഡബിള്‍ഡക്കര്‍ യാത്ര. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ക്ഷണിച്ചാണ് കെഎസ്ആര്‍ടിസിയുടെ ഡബിള്‍ഡക്കര്‍ ബസ് ജില്ലയില്‍ യാത്ര നടത്തുന്നത്.
തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ സിറ്റി സര്‍വീസ് ബസാണ് വോട്ട് പുതുക്കല്‍ യാത്രയ്ക്ക് എത്തിച്ചിരിക്കുന്നത്.
പ്രായവും വിലാസവും തെളിയിക്കുന്ന അസല്‍ രേഖകളും (ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്) ഫോട്ടോയും വീട്ടിലെ വോട്ടറുടെയോ അയല്‍വാസിയുടെയോ വോട്ടര്‍ കാര്‍ഡിന്റെ പകര്‍പ്പുമായെത്തിയാല്‍ ബസിലെ കൗണ്ടറില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു രജിസ്ട്രേഷന് നടത്താം. തുടര്‍ന്ന് ഡബിള്‍ ഡക്കറില്‍ ഹ്രസ്വദൂരയാത്ര സൗജന്യമായി നടത്താം.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നല്കുന്ന സമ്മാനക്കൂപ്പണുകളില്നിന്ന് നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും.
ബസില്‍ സൗജന്യയാത്രയ്ക്കും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും അവസരമുണ്ടായിരിക്കും. ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച യാത്ര കളക്ടര്‍ വി. വിഘ്നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു.
തെരഞ്ഞെടുപ്പു വിഭാഗത്തിന്റെയും ഡിടിപിസിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിനോദസഞ്ചാരകന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, കുമരകം, വൈക്കം ബീച്ച് എന്നിവിടങ്ങളില്‍ പ്രത്യേക കാമ്പയിന് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മ്യൂസിക് ഷോ, ഫുഡ് സ്റ്റാളുകള്‍ എന്നിവ ഉണ്ടായിരുന്നു. വോട്ടര്‍ എൻറോള്‍മെന്റിനു പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.