തൃശൂർ: കേരളത്തിലെ പ്രഥമ ട്രാൻസ്ജെൻഡർ ഡോക്ടറായ വി.എസ്. പ്രിയയ്ക്ക് ഏരിയലിന്റെ ആദരം.
ലിംഗസമത്വത്തിന് ഉൗന്നൽ നൽകി “എൽജിബി ടിക്യു’ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ) സമൂഹത്തിന് പിന്തുണ നൽകുകയാണ് പ്രൊക്ടർ ആൻഡ് ഗാംബ്ലിന്റെ ലക്ഷ്യം.
തൃശൂർ സ്വദേശിനിയായ ഡോ. വി.എസ്. പ്രിയയുടെ ഒരു ഡോക്യുമെന്ററി ഏരിയൽ സോഷ്യൽ മീഡിയ ചാനലുകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് ഡോ. പ്രിയ വളർന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തെ അംഗീകരിക്കാൻ തയ്യാറാകാത്ത, സമൂഹത്തെ ദൃഡനിശ്ചയംകൊണ്ട് പ്രിയ കീഴടക്കി. കഠിനാധ്വാനത്തിലൂടെയാണ് അവർ ഡോക്ടറായത്.
“ഒരു ട്രാൻസ്ജെൻഡറെപ്പറ്റി പലരും തെറ്റായ ധാരണകളാണു വച്ചുപുലർത്തുന്നത്. ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പാട്ടുപാടി, നൃത്തം ചെയ്തു നടക്കുന്നവരാണ് ട്രാൻസ്ജെൻഡേഴ്സ് എന്നു കരുതുന്നവരുണ്ട്. ഇതിന് ഒരു മാറ്റം വരുത്താനാണ് താൻ ശ്രമിച്ചത്.’ ഡോ. പ്രിയ പറഞ്ഞു.
“മൂന്നാംലിംഗക്കാരോടുള്ള സമീപനത്തിൽ മാറ്റം വേണം. അതു തുടങ്ങേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാണ്.’ ഡോ. പ്രിയ തന്നെപ്പറ്റിയുള്ള ഫിലിമിൽ വ്യക്തമാക്കുന്നു.
ഏരിയൽ ഇന്ത്യ വർഷങ്ങളായി ലിംഗസമത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് പ്രൊക്ടർ ആൻഡ് ഗാംബ്ൾ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ശരത് വർമ പറഞ്ഞു.