പാലക്കാട്: വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും കൈപ്പറ്റിയിരുന്നതായി കണ്ടെത്തല്‍. പണം കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന പച്ചകറി, പഴങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങാറുണ്ടെന്നാണ് വിജിലന്‍സിന്റെ വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടോടെയാണ് ആർടിഓ ചെക്ക് പോസ്റ്റിൽ അഞ്ച് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറി കയറിയത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് വിജിലൻസ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്.
രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുള്ള സമയത്തിനുള്ളിലാണ് 67,000 രൂപ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങിയതെന്ന് വിജിലൻസ് സംഘം അറിയിച്ചു. ഇന്നലെ രാവിലെ പത്ത് മുതൽ രാത്രി 12 വരെ സർക്കാരിന് റവന്യൂ വരുമാനമായി ലഭിച്ചത് 69,350 രൂപ മാത്രമാണ്.
വിജിലൻസ് സംഘം മിന്നൽ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥൻ അടുത്തുള്ള ആശുപത്രിയിലും അഭയം തേടി. ഇവരെ വിജിലൻസ് പിന്തുടർന്ന് പിടികൂടി.
ഉദ്യോഗസ്ഥർ ശേഖരിക്കുന്ന പണം ഓഫീസിൽ നിന്ന് പുറത്തു കടത്താൻ ഏജന്റുമാരുണ്ട്. ഇത്തരത്തിൽ ഏജന്റിന് കൈമാറിയ പണമാണ് വിജിലൻസ് പിടിച്ചെടുത്തത്.