കേരള പോലീസിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഡിജിറ്റലാകുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസില്‍ എത്തിയ അത്യാധുനിക വയര്‍ലെസ് സെറ്റുകളുടെ (വാക്കി ടോക്കി) പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം വിജയകരം.
പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി സിറ്റി സര്‍ക്കിളിലാണ് വാക്കി ടോക്കി ഉപയോഗിച്ചു വരുന്നത്. പുതിയ വാക്കി ടോക്കിയുടെ ആദ്യ ബാച്ചുകളാണ് ഇവ.
പുതിയ സംവിധാനത്തിന്റെ കൊച്ചിയില്‍നിന്നുള്ള പ്രതികരണങ്ങള്‍ക്കുശേഷം ഇവ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലേക്കും എത്തിക്കാനാണു നീക്കം.
കൊച്ചി സിറ്റിയില്‍ എറണാകുളം നോര്‍ത്ത്, ഈസ്റ്റ്, തൃപ്പൂണിത്തുറ, പള്ളുരുത്തി ട്രാഫിക് പോലീസ് സ്റ്റേഷനുകളിലാണ് നിലവില്‍ പുതിയ വാക്കി ടോക്കി ഉപയോഗിക്കുന്നത്. കൊച്ചിയില്‍ രണ്ടുമാസമായി തുടരുന്ന പരീക്ഷണം വിജയകരമാണെന്നാണു വിലയിരുത്തല്‍.
ഡിജിറ്റല്‍ ഡിസ്പ്ലേ മുതല്‍ സിം വരെ
ഡിജിറ്റല്‍ ഡിസ്പ്ലേ മുതല്‍ സിം ഇടാനുള്ള സൗകര്യംവരെ പുതിയ സെറ്റുകള്ക്കുണ്ട്. കണ്ട്രോള് റൂമില്‍നിന്നുള്ള അറിയിപ്പ് മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥന് ഒരു വയര്‍ലെസ് സെറ്റിലേക്കു മാത്രം വിളിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും പുതിയ വാക്കി ടോക്കിയിലൂടെ സാധിക്കും. സിം ഇടുന്ന സൗകര്യം ഇപ്പോള്‍ ഉപയോഗിച്ചേക്കില്ല.
ഭാരമില്ല; ശബ്ദ വ്യക്തതയുണ്ട്
നേരത്തേ ഉണ്ടായിരുന്ന ഭാരമുള്ള വയര്‍ലെസ് സെറ്റിനു പകരമെത്തിയവയ്ക്കു തീരെ ഭാരമില്ല. മികച്ച റേഞ്ചും ശബ്ദവ്യക്തതയുമാണ് മാറ്റൊരു പ്രത്യേകത. കണ്ട്രോള് റൂമില്‍ ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണ് ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സെറ്റുകള്‍ കൈമാറിയത്. സെറ്റിന്റെ ചെറിയ പോരായ്മകള്‍ പരിഹരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.