വത്തിക്കാൻ സിറ്റി: വിശുദ്ധനാടുകളിലെ യുദ്ധം ഭയപ്പെടുത്തുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ യുദ്ധം എങ്ങനെയാണ് അവസാനിക്കാന്‍ പോകുന്നതെന്നും മാര്‍പാപ്പ ആശങ്ക രേഖപ്പെടുത്തി. ഇറ്റാലിയന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം
അക്രമത്തിന്റെ വ്യാപനമെന്നാല്‍ കൂടുതല്‍ ജീവനുകള്‍ ഇല്ലാതാകലാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തിന് ഏറ്റവും യുക്തിസഹമായ പരിഹാരം രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ ഉണ്ടാവുകയെന്നതാണെന്നും മാര്‍പാപ്പ പറഞ്ഞു. ജറുസലേമിന് പ്രത്യേക പദവി നല്‍കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി.
യുദ്ധത്തില്‍ ഒരടി മറ്റൊന്നിന് പ്രേരണയാകും, ഒന്ന് ശക്തമായാല്‍ മറ്റൊന്ന് അതിലും ശക്തമാകും. യുദ്ധത്തില്‍ വിജയികളില്ലെന്നും ഇസ്രയേലികളും പലസ്തീനികളും സമാധാനത്തോടെ അയല്‍ക്കാരായി ജീവിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. യുദ്ധംകൊണ്ട് ഒന്നിനും പരിഹാരമാകുന്നില്ല. സമാധാനപരമായ ചര്‍ച്ചകളിലൂടെ മാത്രമേ എല്ലാം നേടിയെടുക്കാന്‍ കഴിയൂ എന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.