കൊച്ചി: വാട്ടര്‍ മെട്രോയുടെ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ചയല്ലെന്ന് കെഎംആര്‍എല്ലിന്റെയും കെഡബ്ല്യുഎംഎല്ലിന്റെയും പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷം കെഎംആര്‍എല്ലിന്റെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ജനറല്‍ മാനേജര്‍ തലത്തിലുള്ള അന്വേഷണത്തിന് നാലംഗസംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
ബോട്ടുകള്‍ തമ്മില്‍ ഉരസിയതാണെന്ന് വാദത്തില്‍ തന്നെയാണ് വാട്ടര്‍ മെട്രോ. സുരക്ഷാ അലാറം താനെ മുഴങ്ങിയതല്ല. ബോട്ടുകള്‍ ഉരസിയെന്ന് മനസിലാക്കിയ യാത്രികരില്‍ ആരോ അലാറം ബട്ടണ്‍ അമര്ത്തിയതാണെന്നുമാണ് വാട്ടര്‍ മെട്രോയുടെ വിശദീകരണം. അതേസമം അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്താനും ആലോചിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
ഇരുബോട്ടിലെയും ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവസമയം ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്ളോഗര്മാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അലാറം മുഴങ്ങുമ്പോള്‍ ഇവര്‍ ബോട്ടിന്റെ കണ്ട്രോള് ക്യാബിനില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചു. ബോട്ട് ജീവനക്കാരുടെ അടിയന്തര ഇടപെടലുകളെ അത് തടസപ്പെടുത്തി.
അലാറം മുഴങ്ങിയാല്‍ കംപാര്ട്മെന്റുകളില് പരിശോധന നടത്തി യഥാര്‍ഥ കാരണം കണ്ടെത്തേണ്ടതുണ്ട്. ഈസമയം വ്ളോഗര്‍മാര്‍ നടത്തിയ ഇടപെടല്‍ അടിയന്തര നടപടികളെ തടസപ്പെടുത്തിയതായി ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.ഞായറാഴ് ഉച്ചക്ക് പന്ത്രണ്ടോടെ ആയിരുന്നു സംഭവം. യാത്രക്കാരുമായി എറണാകുളത്ത് നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന കൊച്ചി വാട്ടര്‍ മെട്രോ ബോട്ടും ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് പുറപ്പെടുകയായിരുന്ന വാട്ടര്‍ മെട്രോയുടെ മറ്റൊരു ബോട്ടും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
റോ റോ വെസലുകള്‍ക്ക് കടന്നുപോകുന്നതിനായി വഴി കൊടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് സംഭവത്തിന് പിന്നാലെ വാട്ടര്‍മെട്രോ പ്രതികരിച്ചിരുന്നു. കൂട്ടിയിടിക്കുകയായിരുന്നില്ല മറിച്ച് ഉരസുകമാത്രമാണ് ഉണ്ടായതെന്നും വാട്ടര്‍മെട്രോ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ബോട്ടുകള്‍ കൂട്ടി മുട്ടുന്നതിന് മുമ്പായി ഇരു ബോട്ടുകളിലും അപായ മണി മുഴങ്ങുകയും എമര്‍ജെന്‍സി വാതിലുകള്‍ താനിയെ തുറക്കുകയും ചെയ്തിരുന്നു. ബോട്ട് ക്യാബിന് ക്രൂവിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം.