കൊയിലാണ്ടി: സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കുന്നത് തീരുമാനമാകാത്തതിനെ തുടര്‍ന്ന് വ്യാജവാറ്റ് സംഘം വിലസുന്നു.
എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ചാണ് വാറ്റ്സംഘം സജീവമാകുന്നത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷാണ് നശിപ്പിച്ചത്.
കൊയിലാണ്ടിഎക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള എക്സൈസ സംഘം കീഴരിയൂരിലെ മീറോട് മലയില്‍ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.
വാഷ് സൂക്ഷിക്കാന്‍ പ്രത്യേകം ടാങ്ക് നിര്‍മിച്ചിരുന്നു.കുഴിയുണ്ടാക്കി ടാര്‍പോളിന്‍ വിരിച്ച പായയിലായിരുന്നു വാഷ് സൂക്ഷിച്ചിത്. ഇതിന് പുറമേ ബാരലിലും വാഷുണ്ടായിരുന്നു.
അതേസമയം വാഷ് ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഈ മാസം ഇതുവരെ 2,770ലിറ്റര്‍ വാഷും 13ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമാണ് കൊയിലാണ്ടി എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.