തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്തമേഖലയിൽനിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു.
അടുത്ത ഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡിഎൻഎകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എംഎസ്എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്തപരിശോധനയ്ക്ക് തയാറായിട്ടുള്ളവർക്ക് കൗണ്‍സലിംഗ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്തബന്ധുക്കളുടെ സാന്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.