കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്തവരെ ചേർത്തുപിടിച്ച് വയനാട്. ആറാം ദിവസവും തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങളാണ് നാട് ഒന്നുചേർന്ന് ഏറ്റെടുത്ത് ഇന്നലെ രാത്രി സംസ്കരിച്ചത്.
നാടിന്റെ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങിയാണ് ഇവർ പിറന്ന നാടിനോടു വിടപറഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്ന തിരിച്ചറിയാനാകാത്ത 500 മുതൽ 508 വരെ നന്പർ രേഖപ്പെടുത്തിയ മൃതദേഹങ്ങൾ സർവമത പ്രാർഥനയ്ക്കുശേഷം മേപ്പാടിയിലെ പുത്തുമലയിൽ എന്നേക്കുമായി മണ്ണിൽ മറഞ്ഞു. ക്രൈസ്തവ, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങൾക്കു പത്തുമിനിറ്റ് വീതമാണ് പ്രാർഥനയ്ക്കു സമയം അനുവദിച്ചത്.
മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ആംബുലൻസുകളിലാണ് പുത്തുമലയിൽ ഒരുക്കിയ കുഴിമാടങ്ങളിൽ എത്തിച്ചത്. ഓരോ ആംബുലൻസിനും പോലീസ് അകന്പടി ഉണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളിലെ സെക്രട്ടറിമാരും മൃതദേഹങ്ങളെ അനുഗമിച്ചു.
ദുരന്ത നിവാരണ നിയമമനുസരിച്ച് ഹാരിസണ് മലയാളം പ്ലാന്റേഷനിൽ കണ്ടെത്തിയ 64 സെന്റ് സ്ഥലത്താണ് ഇവർക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഇവിടെ 30ഓളം പേരെ സംസ്കരിക്കുന്നതിനുള്ള കുഴിമാടങ്ങളാണ് തയാറാക്കിയിരുന്നത്.
67 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാൻ സാധിക്കാതെ മേപ്പാടിയിൽ സൂക്ഷിച്ചിരിക്കുന്നത്. ചിലരെയെങ്കിലും തിരിച്ചറിയാൻ സാധിക്കുമെന്ന ബന്ധുക്കളുടെ ആകുലത കണക്കിലെടുത്ത് എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.
ഒടുവിലാണ് തിരിച്ചറിയാൻ സാധിക്കാത്തതും ബന്ധുക്കളാരും അവകാശവാദം ഉന്നയിക്കാത്തതുമായ എട്ട് മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. മൃതദേഹങ്ങളുടെ ജനിതക പരിശോധനകളും ഡിഎൻഎ പ്രൊഫൈലും തയാറാക്കിയിരുന്നു.
അന്ത്യോപചാരം അർപ്പിക്കാൻ വൈകുന്നേരം മുതൽ നൂറുകണക്കിന് ആളുകൾ പുത്തുമലയിൽ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയതാണ് സംസ്കാരം രാത്രി പത്ത് കഴിയാൻ കാരണമായത്.
മൃതദേഹങ്ങൾക്ക് ആദരവർപ്പിക്കാൻ റോഡിന് ഇരുവശത്തും രാത്രി വൈകിയും നിരവധിയാളുകളാണ് കാത്തുനിന്നത്. മന്ത്രിമാരും എംഎൽഎമാരും മറ്റു ജനപ്രതിനിധികളും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സംസ്കാരത്തിനുശേഷം കുഴിമാടത്തിൽ സ്ഥാപിക്കുന്ന കല്ലുകളിൽ മൃതദേഹത്തിന്റെ നന്പർ രേഖപ്പെടുത്തും
മരണം 380; കാണാമറയത്ത് 180 പേർ
കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 380 ആയി. ഇന്നലെ നടന്ന തെരച്ചിലിൽ സൂചിപ്പാറയിൽ ഒരു മൃതദേഹം കണ്ടെത്തി. ചാലിയാറിൽനിന്ന് ഒരു മൃതദേഹവും 10 ശരീരഭാഗങ്ങളും ലഭിച്ചു.
ഉരുൾവെള്ളമൊഴുകിയ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ തെരച്ചിലിൽ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. ദുരന്തഭൂമിയിൽനിന്നു ലഭിച്ചതിൽ തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ എട്ടെണ്ണം മേപ്പാടിക്കടുത്ത് പുത്തുമലയിൽ സംസ്കരിച്ചു.
ദുരന്തഭൂമിയിൽനിന്നു കാണാതായവർക്കുള്ള തെരച്ചിൽ വയനാട് ഭാഗത്ത് പുഞ്ചിരിമട്ടം, മുണ്ടക്കൈ, വെള്ളാർമല സ്കൂൾ പരിസരം, ചൂരൽമല ടൗണ്, വില്ലേജ് ഏരിയ, പുഴയുടെ താഴ്വാരം എന്നിവിടങ്ങളിലായാണ് നടന്നത്. 180 പേരെയാണ് കണ്ടെത്താനുള്ളത്.
ഉരുൾപൊട്ടലിൽ 221 മരണമാണ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 97 പുരുഷന്മാരും 87 സ്ത്രീകളും 37 കുട്ടികളും ഇതിലുൾപ്പെടും. 166 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 220 മൃതദേഹങ്ങളും 160 ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു. 71 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിനു കൈമാറി. 37 മൃതദേഹങ്ങൾ നിലന്പൂർ ഗവ.ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.