പ്രാരംഭ പ്രാര്‍ത്ഥന നെടുംകുന്നത്തായിരുന്നു. ഒന്നാം സ്ഥലം അയര്‍ലന്‍ഡില്‍. കുവൈറ്റും സിംഗപ്പൂരും ഇംഗ്ലണ്ടുമൊക്കെ കടന്ന് മുന്നോട്ടുനീങ്ങിയ കുരിശിന്റെ വഴി ഒടുവില്‍ സമാപിച്ചതും നെടുംകുന്നത്താണ്.
ലോക് ഡൗണ്‍ മൂലം പള്ളിയില്‍ ദുഃഖവെള്ളി ആചരണം സാധ്യമല്ലാതിരുന്ന സാഹചര്യത്തിലാണ് നെടുംകുന്നം പതാലില്‍ കുടുംബാംഗങ്ങളുടെ വാട്സപ്പ് ഗ്രൂപ്പായ പതാലിസം കുടുംബാംഗങ്ങളുടെ പ്രാര്‍ഥനാ സംഗമത്തിന് പുതിയ വഴി തേടിയത്.
പെസഹാ വ്യാഴാഴ്ച രാത്രിയാണ് ഇത്തരമൊരു കുരിശിന്റെ വഴിയെക്കുറിച്ച് ആലോചിച്ചത്. ഗ്രൂപ്പംഗങ്ങളുടെ അഭിപ്രായം തേടിയപ്പോള്‍ വിദേശ രാജ്യങ്ങളില്‍ കൊറോണ ഭീതിക്കു നടുവില്‍ കഴിയുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പേരും താത്പര്യമറിയിച്ചു.
തുടര്‍ന്ന് കുരിശിന്റെ വഴിയിലെ ഓരോ സ്ഥലവും മറ്റു പ്രാര്‍ഥനകളും ഓരോരുത്തര്‍ക്കായി നിശ്ചയിച്ചു നല്കി. എല്ലാവരും പാട്ടും പ്രാര്‍ത്ഥനയും കുടുംബസമതേം വായിച്ച് റെക്കോര്‍ഡ് ചെയ്ത് വീഡിയോ വാട്സാപ്പില്‍ അയച്ചു.
പതിനെട്ടു വീഡിയോകളും കോര്‍ത്തിണക്കി ഓരോരുത്തരുടെയും പേരും സ്ഥലവും ഉള്‍പ്പെടുത്തി വെള്ളിയാഴ്ച വൈകുന്നേരം ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റു ചെയ്തു. കുടുംബാംഗങ്ങള്‍ ഒരേ സമയം ഈ വീഡിയോ കാണുകയും ചെയ്തുവെന്ന് കുരിശിന്റെ വഴിയില്‍ പങ്കാളിയായ 79കാരന് പി.വി. ഫിലിപ്പ് പറഞ്ഞു.
ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ 32 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കൊറോണ മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ലോകം മുഴുവനുമുള്ള മനുഷ്യര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.