പത്തനംതിട്ട: ആദ്യരാത്രിക്ക് പിറ്റേന്ന് വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍.
കായംകുളം തേക്കടത്ത് തറയില്‍ അസ്ഹറുദീന് റഷീദ്(30)ആണ് അറസ്റ്റിലായത്.
വധുവിന്റെ പിതാവിന്റെ പരാതിയില്‍ അടൂര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസ്ഹറുദീനും പഴകുളം സ്വദേശിനിയും തമ്മിലുള്ള വിവാഹം നടന്നത്.
തുടര്‍ന്ന് ആദ്യരാത്രി വധുവിന്റെ വീട്ടില്‍ ഇവര്‍ ചിലവിട്ടു. പുലര്‍ച്ച മൂന്നോടെ സുഹൃത്തിന് അപകടം പറ്റിയെന്നും താന്‍ ചെന്ന് സുഹൃത്തിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കണമെന്നും പറഞ്ഞ് യുവാവ് വധുവിന്റെ വീട്ടില്‍ നിന്നും പോയി.
കുറച്ച് സമയം കഴിഞ്ഞ് ഇയാളെ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
സംശയം തോന്നിയ വീട്ടുകാര്‍ പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായി.
ഇതിനു പിന്നാലെ വരന്റെ വീട്ടുകാരെ വിവരം അറിയിച്ച വധുവിന്റെ പിതാവ് അടൂര്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചുവെന്ന് പോലീസിന് മനസിലായി.
തുടര്‍ന്ന് ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.