വിവാഹം ചെയ്യുന്പോൾ ഭർത്താവിനു ഭാര്യയേക്കാൾ മൂന്നോ നാലോ വയസ് കൂടുതൽ വേണമെന്നതു നാട്ടുനടപ്പാണ്. ലോകമെന്പാടും തന്നെ ഇതൊരു പൊതു മനോഭാവമായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്.
നമ്മുടെ രാജ്യത്തിനും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങൾക്കു പ്രധാന പരിഗണന കുടുംബങ്ങൾ കൊടുക്കാറുണ്ട്. ഇതിനു പിന്നിൽ സാമൂഹികവും വൈദ്യശാസ്ത്രപരവുമായ ചില കാര്യങ്ങളും പലരും ചൂണ്ടിക്കാണിക്കാറുണ്ട്.
പുരുഷനെ കുടുംബത്തിന്റെ നാഥനും നേതാവുമായി കരുതിപ്പോരുന്ന വീക്ഷണത്തിന്റെ തുടർച്ചയാണ് ഇതെന്നു പറയാം. മുതിർന്നയാൾക്കു മറ്റുള്ളവരുടെ മേൽ ലഭിക്കുന്ന സ്വാധീനവും അധികാരവും ഇതിനെ സ്വാധീനിച്ചിട്ടുണ്ടാകാം.
അതോടൊപ്പം സ്ത്രീകളിൽ പുരുഷനേക്കാൾ നേരത്തെ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഈ പ്രായവ്യത്യാസം അതിനെ പരിഹരിക്കുമെന്ന വൈദ്യശാസ്ത്രപരമായ വിലയിരുത്തലുമുണ്ട്.
സ്ത്രീകൾ ഏറെപ്പേരും തന്നേക്കാൾ പ്രായം അല്പം കൂടിയ ആളെയാണ് ഭർത്താവായി ഇഷ്ടപ്പെടുന്നതും.
എന്നാൽ, ഈ പ്രായവ്യത്യാസം വളരെക്കൂടുന്നതും നന്നല്ല. ഇപ്പോഴും വീട്ടുകാർ ആലോചിച്ചു നടത്തുന്ന കല്യാണങ്ങൾ എല്ലാം തന്നെ ഈ നാട്ടുനടപ്പ് പ്രകാരമാണ് നടക്കുന്നത്.
പ്രശസ്തർ നിരവധി
അതേസമയം, തന്നേക്കാൾ പ്രായം കൂടിയ സ്ത്രീയെ വിവാഹം ചെയ്ത നിരവധി പേരുണ്ട്. പ്രശസ്തരാണ് ഇവരിൽ പലരും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മുതൽ നിരവധി പേർ തന്നേക്കാൾ പ്രായം കൂടിയ പങ്കാളിയെ സ്വീകരിച്ചു വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ഇതിൽ എല്ലാവരും തന്നെ പ്രണയ വിവാഹം ആയിരുന്നുവെന്നതാണ് കൗതുകകരം. ഷേക്സ്പീരിയൻ മാര്യേജ് എന്നും ഇത് അറിയപ്പെടാറുണ്ട്.
കാരണം വിവാഹം കഴിക്കുന്പോൾ ഷേക്സ്പിയറിന് പതിനെട്ടും ജീവിതപങ്കാളി ആനിക്ക് 26ഉം ആയിരുന്നു പ്രായം. ഭാര്യയ്ക്കു പ്രായം കൂടുതലുള്ള ഇന്ത്യയിലെ ചില സിനിമാ ദന്പതികളെ നോക്കാം.
1. ഷിരിഷ് കുന്ദേർ-ഫറാ ഖാൻ:
ഇന്ത്യൻ ചലച്ചിത്രരംഗത്തു പ്രവർത്തിക്കുന്ന ഷിരിഷ് കുന്ദേറിന് ഭാര്യ ഫറാ ഖാനുമായും എട്ട് വയസിന്റെ വ്യത്യാസമാണുള്ളത്. 2004 ലാണ് ഇരുവരും വിവാഹിതരാകുന്നത്. മെയിൻ ഹൂണ്‍ നാ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടുന്നത്.
2. കുനാൽ കെമ്മു-സോഹ അലിഖാൻ:
ബോളിവുഡ് താരങ്ങളായ കുനാൽ കെമ്മുവും സോഹ അലിഖാനും 2015 ലാണ് വിവാഹിതരാകുന്നത്. കുനാൽ കെമ്മു സോഹ അലിഖാനെക്കാൾ അഞ്ചു വയസിനു ഇളയതാണ്.
3. പ്രിയങ്ക ചോപ്ര-നിക് ജോനാസ്:
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പാട്ടുകാരൻ നിക് ജോനാസും തമ്മിൽ പത്തു വയസിന്റെ വ്യത്യാസമാണുള്ളത്.
4. സെറീന വഹാബ്-ആദിത്യ പഞ്ചോളി:
ആദിത്യ പഞ്ചോളി സെറീന വഹാബിനെക്കാൾ ആറു വയസിനു ഇളയതാണ്. കളങ്ക് കാ ടിക എന്ന ചിത്രത്തിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. 1986 ലാണ് ഇരുവരും വിവാഹിതരാകുന്നത്.
5. പർമീത് സേതി-അർച്ചന പുരണ്‍ സിംഗ്:
ടെലിവിഷൻ അവതാരക അർച്ചന പുരണ്‍ സിംഗ് ഭർത്താവും നടനുമായ പർമീത് സേതിയും തമ്മിൽ ഏഴു വയസിന്റെ വ്യത്യാസമുണ്ട്.
6.സുനിൽ ദത്ത്- നർഗീസ്:
ബോളിവുഡ് നടൻ സുനിൽ ദത്തിന്റെ ജീവിത പങ്കാളി നർഗീസ് ദത്ത് സുനിൽ ദത്തിനെക്കാൾ ഒരു വയസിനു മൂത്തതാണ്. മദർ ഇന്ത്യയുടെ സെറ്റിൽവച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.
ഈ സിനിമയുടെ ചിത്രീകരണ വേളയിൽ വലിയ തീപിടിത്തം ഉണ്ടായി. സുനിൽ ദത്ത് നർഗീസിനെ ഈ അപകടത്തിൽനിന്നു രക്ഷിച്ചു. പിന്നീട് ഒരു വർഷത്തിനുശേഷം ഇരുവരും വിവാഹിതരായി. നടൻ സഞ്ജയ് ദത്ത്, പ്രിയങ്ക, നമ്രത എന്നിവരാണ് മക്കൾ.
7. കരണ്‍ സിംഗ് ഗ്രോവർ-ബിപാഷ ബസു:
2016 ലാണ് ബോളുവുഡ് നടൻ കരണ്‍ സിംഗ് ഗ്രോവർ തന്നെക്കാൾ മൂന്നു വയസിനു മൂത്ത ബിപാഷ ബസുവിനെ വിവാഹം കഴിക്കുന്നത്. 2015 ൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച എലോണ്‍ എന്ന സിനിമ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടുന്നത്.
8. അഭിഷേക് ബച്ചൻ-ഐശ്വര്യ റായ്:
ജൂണിയർ ബച്ചൻ 2007ലാണ് രണ്ടു വയസിനു മുതിർന്ന ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നത്. ആരാധ്യയാണ് ഇരുവരുടെയും മകൾ.
9. സെയ്ഫ് അലിഖാൻ- അമൃത സിംഗ്:
സെയിഫ് അലിഖാൻ മുൻ ഭാര്യ അമൃത സിംഗിനേക്കാൾ 12 വയസിന് ഇളയതായിരുന്നു. 1991ൽ വിവാഹം കഴിച്ച ഇരുവരും 2004ൽ വിവാഹ ബന്ധം വേർപെടുത്തി. സാറ അലിഖാൻ. ഇബ്രാഹിം അലിഖാൻ എന്നിവരാണ് ഇരുവരുടെയും മക്കൾ. സെയിഫ് അലിഖാൻ പിന്നീട് കരീന കപൂറിനെ വിവാഹം ചെയ്തു.
10. ഫർഹാൻ അക്തർ- അഥുണ ബാബനി:
ബോളിവുഡ് നടൻ ഫർഹാൻ അക്തറും മുൻ ഭാര്യയും ഹെയർസ്റ്റൈലിസ്റ്റും അവതാരകയുമായ അഥുണ ബാബനിയും തമ്മിൽ ആറു വയസിനു വ്യത്യാസമുണ്ടായിരുന്നു. 2000 ൽ വിവാഹിതരായ ഇരുവരും പിന്നീട് വേർപിരിഞ്ഞു.
11. അർജുൻ റാംപാൽ-മെഹർ ജെസിയ:
നടനും മോഡലുമായ അർജുൻ റാംപാലിന് മുൻ ഭാര്യയും മോഡലുമായ മെഹർ ജെസിയയെക്കാൾ രണ്ടു വയസു കുറവാണ്. 1998 ൽ വിവാഹം കഴിച്ച ഇരുവരും അടുത്തയിടെ വിവാഹമോചിതരായി.
12. ധനുഷ്- ഐശ്വര്യ:
തമിഴ് നടൻ ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത് രജനീകാന്തിന്റെ മകൾ ഐശ്വര്യയെയാണ്. ഐശ്വര്യയെക്കാൾ ഒരു വയസിനു ഇളയതാണ് ധനുഷ്. -എൻ.ജെ