സ്വന്തംലേഖകന്‍
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ആര്‍ക്കെന്നതില്‍ അനിശ്ചിതത്വം. 19 മണ്ഡലങ്ങളില്‍ മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്.
മറ്റുള്ള 121 മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കാന്‍ വെല്‍ഫെയര്‍പാര്‍ട്ടി നേതൃത്വവും ഇതുവരെ തയാറായിട്ടില്ല.
ആര്‍ക്ക് പിന്തുണ നല്‍കുമെന്നത് ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം അതത് കമ്മിറ്റികളെ അറിയിക്കുമെന്നും അതുപ്രകാരം വോട്ട് വിനിയോഗിക്കുമെന്നും വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം രാഷ്ട്ര ദീപികയോട് പറഞ്ഞു.
അന്നു രഹസ്യധാരണ?
അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു.
ഇത്തവണ 19 ആയി ചുരുങ്ങിയതിന് പിന്നില്‍ യുഡിഎഫുമായുള്ള രഹസ്യധാരണയാണെന്ന ആരോപണം ശക്തമാണ്. മുസ്ലിം ലീഗുമായി വോട്ട് കച്ചവടം ഉറപ്പിച്ചെന്നാണ് ആരോപണമുയര്‍ന്നത്.
തുടര്‍ഭരണത്തേക്കാള്‍ യുഡിഎഫ് അധികാരത്തിലെത്തുന്നതാണ് ഗുണമെന്നും കോണ്‍ഗ്രസിന്റെ പരാജയം ബിജെപിക്ക് വളമാകുമെന്നും അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് യുഡിഎഫുമായി വോട്ട് കച്ചവടം ഉറപ്പിച്ചതെന്നാണ് പറയുന്നത്.
എന്നാല്‍ വെല്‍ഫെയര്‍പാര്‍ട്ടി നേതൃത്വം ഈ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞു. പാര്‍ട്ടി രൂപീകരിച്ച ഉടനെ നടന്ന തെരഞ്ഞെടുപ്പായതിനാലാണ് അന്ന് 41 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ത്തിയതെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.
അതിന്റെ സാധ്യതകള്‍ പാര്‍ട്ടി നേതൃത്വം വിലയിരുത്തിയതാണ്. പല ഘടകങ്ങളും പരിശോധിച്ച ശേഷമാണ് ഇത്തവണ 19 മണ്ഡലങ്ങളില്‍ മാത്രം മത്സരിക്കാന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പിനെ രാഷ്ട്രീയം പറയാനുള്ള സന്ദര്‍ഭമായാണ് കാണുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട് ഒഴികെ ഒരു ജില്ലയില്‍ ഒരു മണ്ഡലത്തിലെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.
എല്‍ഡിഎഫ് നേരത്തെയുണ്ടാക്കിയ തിരക്കഥക്കനുസരിച്ചാണ് വെല്‍ഫെയര്‍പാര്‍ട്ടിയെ വിമര്‍ശിക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തീരുമാനം എല്‍ഡിഎഫിന് ദോഷം ചെയ്തു. സിപിഎമ്മിനെതിരേയാ സംസ്ഥാന സര്ക്കാറിനെതിരേയോ എടുത്ത തീരുമാനമായിരുന്നില്ല അത്.
ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടാണത്. നിയമസഭാ തെരഞ്ഞെടുപ്പിലും അതുപോലെയുള്ള ക്ഷീണം ഒഴിവാക്കാനാണ് സിപിഎം ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത്. അധികാര തുടര്‍ച്ചയ്ക്കായുള്ള തിരക്കഥയുടെ ഭാഗമായാണ് വിവാദം.
തത്കാലം പറയില്ല
കൃത്യമായ പദ്ധതിയാണിത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎം. തുടര്‍ന്നും പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഭരിക്കുകയും ചെയ്തിരുന്നു.
50 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്ന പഞ്ചായത്ത് വരെ അന്ന് മറിഞ്ഞിരുന്നു. ഈ സഖ്യം തുടരുകയാണെങ്കില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും ഇപ്പോഴും ഒരു കുഴപ്പവുമുണ്ടാവുമായിരുന്നില്ലെന്നും സഖ്യത്തില്‍ നിന്ന് പിന്മാറിയതാണ് വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍പാര്‍ട്ടി ഇരുമുന്നണികള്‍ക്കും എതിരാണ്. മത്സരിക്കുന്നിടത്ത് എല്‍ഡിഎഫ് തുടരരുതെന്ന് പറയാന്‍ പറ്റില്ല. മത്സരിക്കുന്ന പലയിടത്തും യുഡിഎഫിനും ഭീഷണിയുണ്ട്.
ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്നത് ആദ്യമേ പരസ്യപ്പെടുത്തിയാല്‍ മത്സരിക്കുന്നിടത്ത് അത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.