ഇപ്പോള്‍ ഡാര്‍ക്ക് മോഡിന്റെ കാലമാണ്. ലോകത്തുള്ള എല്ലാ മൊബൈല്‍ ആപ്ലിക്കേഷനുകളും മൊബൈല്‍ കമ്പനികളുമെല്ലാം ഡാര്‍ക്ക് മോഡ് അവതരിപ്പിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ ലോകത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പും ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതാണ് പൂര്‍ണതോതില്‍ നടപ്പാക്കി വാട്സ് ആപ്പ് പരിഷ്കരിച്ചത്. നിലവില്‍ ബീറ്റ ടെസ്റ്റിങ് പ്ലാറ്റ്ഫോമിലുളളവര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുളളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ v2.20.13 എന്ന പേരില്‍ വാട്സ് ആപ്പിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചു. ഈ പ്ലാറ്റ്ഫോമിലേക്ക് മാറാത്തവര്‍ക്ക്, ഡൗണ്‍ലോഡ് ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി.
വെളിച്ച കുറവ് നേരിടുന്ന ചുറ്റുപാടില്‍, ഡാര്‍ക്ക് മോഡ് കണ്ണിന് ആശ്വാസം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതല്‍ ബാറ്ററി ലൈഫാണ് ഡാര്‍ക്ക് മോഡ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. സെറ്റിങ്സ് തെരഞ്ഞെടുത്ത ശേഷമാണ് ഡാര്‍ക്ക് മോഡിലേക്ക് പോകേണ്ടത്. ഇതില്‍ ചാറ്റ്സ് എന്ന ഭാഗം ക്ലിക്ക് ചെയ്ത് ശേഷം തീം തെരഞ്ഞെടുക്കുക. ഇതിലാണ് ഡാര്‍ക്ക് മോഡ് എന്ന ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സിസ്റ്റത്തിലെ ഡിഫോള്‍ട്ട് ഓപ്ഷന് തെരഞ്ഞെടുത്തും ഓട്ടോമാറ്റിക്കായി ഡാര്‍ക്ക്് മോഡിലേക്ക് മാറുന്ന വിധം സംവിധാനം ഒരുക്കാവുന്നതാണ്. എന്തായാലും ഇതോടെ പലരുടെയും ‘തലവേദന’ ഒഴിവാകുമെന്നാണ് സൂചന.